കോഴിക്കോട്: മാനാഞ്ചിറ സ്ക്വയർ കൂടുതല്‍ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദസഞ്ചാര വകുപ്പ് ആദ്യഘട്ട നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനാഞ്ചിറ സ്ക്വയറും ബീച്ചും ദീപാലംകൃതമാക്കിയത് ജനം വലിയനിലയില്‍ സ്വീകരിച്ചതായും കോഴിക്കോട് നഗരത്തിലെ കൂടുതല്‍ ഇടങ്ങളെ സൗന്ദര്യവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സരോവരം മികവുറ്റ നിലയില്‍ മാറ്റിത്തീര്‍ക്കും. സരോവരം നവീകരണത്തിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചത്.
ഇവിടെയെല്ലാം മറ്റു ടൂറിസം സാധ്യതകള്‍ ഉൾപ്പെടെ നടപ്പാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാര്‍ക്കുകള്‍ ഉൾപ്പെടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15ന് ഫറോക്കില്‍ നടക്കും.
പുറമെനിന്ന് കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വിവിധ വിനോദസഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്തിപ്പെടാനായി ഹെലി ടൂറിസം പദ്ധതി നടപ്പാക്കും. ഇതിനായി ഹെലികോപ്റ്റര്‍ ഓപറേറ്റര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഏകോപനം നിര്‍വഹിക്കും. നിലവിലുള്ള ഹെലിപ്പാഡുകള് കോര്‍ത്തിണക്കിയുള്ള സര്‍വിസുകള്‍ വിഭാവനം ചെയ്യും. സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ഉത്തരവാദിത്തമായിരിക്കും.
സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്ക് എത്താനുള്ള എല്ലാ നിലയിലുമുള്ള സൗകര്യങ്ങളുമാണ് ടൂറിസം വകുപ്പ് ഒരുക്കി നല്‍കുക. ഹെലികോപ്റ്റര്‍ ഓപറേറ്റര്‍മാരുടെ പാക്കേജുകള്‍, ട്രിപ്പുകള്‍ അതിന്റെ വിശദാംശങ്ങള്‍, ബുക്കിങ് ഉൾപ്പെടെ കാര്യങ്ങള്‍ ടൂറിസം വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കും. ഇതിന് ഓപറേറ്റര്‍മാരുമായി ധാരണപത്രത്തില്‍ ഒപ്പുവെക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.