കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പുനരധിവാസ പാക്കേജിന് അനുവദിച്ച തുക നാമമാത്രമെന്ന് ആക്ഷേപം. റോഡിന് സ്ഥലം ഏറ്റെടുത്തപ്പോൾ ഒഴിയേണ്ടി വന്ന കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പാക്കേജിന് അനുവദിച്ചത് വളരെ ചെറിയ തുകയാണെന്നാണ് ആക്ഷേപമുയരുന്നത്. 79 പേർക്ക് 92.55 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്.
36,000 മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമായ രേഖകളെല്ലാം ഹാജരാക്കിയവരെ മാത്രമാണ് പരിഗണിച്ചത്. 2012ൽ ആക്ഷൻ കമ്മിറ്റിയുടെ സമ്മർദങ്ങളുടെ ഫലമായാണ് സർക്കാർ ഭൂമിയേറ്റെടുക്കൽ നടപടിയാരംഭിച്ചത്. വെള്ളിമാട്കുന്ന് മുതൽ മാനാഞ്ചിറ വരെ 8.24 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ 90 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള തടസ്സമെന്താണെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടും പ്രവൃത്തി വൈകുന്നതിനെതിരെയും ആക്ഷൻ കമ്മിറ്റി പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പാക്കേജ് പ്രഖ്യാപനം.
വെള്ളിമാട്കുന്ന് നാലുവരിപ്പാത വികസനം 16 വർഷത്തിനുശേഷവും പ്രാവർത്തികമാക്കാതെ അവഗണിക്കുന്നതിൽ ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി രംഗത്തുവന്ന്, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ റോഡ് വികസനത്തിലെ അവഗണനക്കെതിരെയുള്ള നിലപാടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റോഡിനായി 6.8758 ഹെക്ടർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഭൂരിഭാഗം കെട്ടിടങ്ങളും പൊളിച്ചുനീക്കി. രണ്ടു കേസുകൾ പരിഹരിക്കാൻ ബാക്കിയുണ്ട്. റോഡ് നിർമാണത്തിന് രണ്ടാഴ്ചക്കകം കരാർ ഉറപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ച് ഒരു വർഷമായിട്ടും ജോലികൾ എങ്ങുമെത്തിയിട്ടില്ല. വർക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാനം, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.