കോഴിക്കോട്: നഗരത്തിലെ സ്വപ്നപദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരി പാത പ്രാവർത്തികമാക്കാൻ 12 പേരുടെ 0.1675 ഹെക്ടർ ഭൂമികൂടി ഏറ്റെടുക്കണം. ഡോ. എം.ജി.എസ്. നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
റോഡ് പണി തുടങ്ങാൻ സത്വര നടപടികൾ വേണമെന്ന് യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. 2008ൽ വി.എസ്. അച്യുതാനന്ദന്റെ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച റോഡ് വികസനം നീണ്ട 16 വർഷത്തെ കാലതാമസത്തിനുശേഷവും ഇഴയുകയാണ്.
ഫോർ വൺ നോട്ടിഫിക്കേഷൻ കാലാവധി കഴിഞ്ഞ് പദ്ധതിതന്നെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് 2012ൽ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ജനകീയ ആക്ഷൻ കമ്മിറ്റിയുടെ പ്രക്ഷോഭങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത്.
ഉമ്മൻ ചാണ്ടി സർക്കാർ അവസാന കാലം 64 കോടി രൂപയും ഒന്നും രണ്ടും പിണറായി വിജയൻ സർക്കാർ 281 കോടിയുമടക്കം മൊത്തം 345 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് അനുവദിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലെതന്നെ നിർമിതികൾ പൂർണമായും ഇതുവരെ നീക്കം ചെയ്തിട്ടില്ല. യൂട്ടിലിറ്റി സർവിസുകളായ ട്രാൻസ്ഫോർമർ ഇലക്ട്രിസിറ്റി, ടെലിഫോൺ ലൈനുകൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയവ മാറ്റി സ്ഥാപിച്ചിട്ടുമില്ല.
റോഡ് പ്രവൃത്തിക്ക് ആവശ്യമായ 131.21 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാസം സർക്കാർ നൽകിയെങ്കിലും ടെണ്ടർ നടപടിക്കാവശ്യമായ നീക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സമ്മർദമുണ്ടാകുമ്പോൾ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപിക്കുക, അടുത്ത തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രം ഫണ്ട് റിലീസ് ചെയ്യുക എന്ന നയമാണ് സർക്കാറുകൾ ഇതുവരെ സ്വീകരിച്ചത്.
വാഗ്ദാനങ്ങൾ നിരന്തരം ലംഘിക്കുകയെന്നത് പതിവായി. 16 വർഷം പദ്ധതി വൈകിയതിന്റെയും ഇനിയും നീണ്ടുപോകുന്നതിന്റെയും കാരണം ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ തയാറാവണമെന്ന് എം.ജി.എസ് പറഞ്ഞു.
ജില്ല ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലൂടെ കടന്നുപോകുന്നതും ദേശീയപാതയുടെ ഭാഗവും ഏറ്റവും തിരക്കുള്ള അതിപ്രധാനവുമായ റോഡിന്റെ വികസനം യാഥാർഥ്യമാക്കാൻ അതിവേഗ നടപടികൾ സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വർക്കിങ് പ്രിസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻഫ്രെയിം, പ്രദീപ് മാമ്പറ്റ, എൻജിനീയർ സാബു കെ. ഫിലിപ്പ്, എൻ. ഭാഗ്യനാഥൻ, കെ.പി. സലിം ബാബു, ടി.ടി. നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.