കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് നഗരപാതയുടെ വികസനം 2024 ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം, കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ്, അവാർഡ് വിതരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കിയ എം.എൽ.എ, കലക്ടർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. കോഴിക്കോട് താലൂക്കിൽ കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിൽ ഉൾപ്പെട്ട എട്ടു കിലോമീറ്റർ നീളം വരുന്ന റോഡിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തത്. പദ്ധതിക്കുവേണ്ടി ഏകദേശം 7.2947 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
ഇതിൽ 3.8326 ഹെക്ടർ ഭൂമി ആദ്യഘട്ടത്തിൽ സർക്കാർ പോളിസി പ്രകാരം നെഗോസിയേഷൻ മുഖേന ഏറ്റെടുത്തു. നെഗോസിയേഷന് സമ്മതമറിയിക്കാത്ത ബാക്കി വരുന്ന ഭൂവുടമസ്ഥരുടെ 3.4621 ഹെക്ടർ ഭൂമി നിയമപ്രകാരം 277 കൈവശക്കാരിൽനിന്നും ഏറ്റെടുത്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി.
കൗൺസിലർമാരായ ഫെനിഷ കെ. സന്തോഷ്, കെ.സി. ശോബിത, എം.എൻ. പ്രവീൺ, പി. സരിത, ടി.കെ. ചന്ദ്രൻ, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, എ.ഡി.എം മുഹമ്മദ് റഫീഖ് സി, ഡെപ്യൂട്ടി കലക്ടർ (എൽ.എ) പി.പി. ശാലിനി, സ്‌പെഷൽ തഹസിൽദാർ (എൽ.എ) കെ. ഷറീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.