കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ രോഗപ്രതിരോധത്തിനും ചെലവേറിയിരിക്കുകയാണ്. രോഗവ്യാപനം തടയാൻ അടിസ്ഥാനപരമായി മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ബോധവത്കരിക്കുമ്പോഴും ഇവയുടെ വില കുതിച്ചുയരുന്നു. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം മന്ദഗതിയിലായ മാസ്ക് വിപണി വീണ്ടും ഉണർന്ന് വില കൂടി.
ആവശ്യക്കാർ ഏറിയതോടെയാണ് വിലയിലും വൻ വർധന ഉണ്ടായിരിക്കുന്നത്. നേരത്തേ അഞ്ചുരൂപക്ക് നൽകിയിരുന്ന സർജിക്കൽ മാസ്ക്കുകൾ ഇപ്പോൾ ഏഴ് മുതൽ 15 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നത്. മൂന്ന് ലെയറുകളുള്ള മാസ്ക്കുകള്‍ക്കും വില കൂടി. നിലവില്‍ സര്‍ജിക്കല്‍ മാസ്ക്കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്.
രണ്ടു മാസ്ക്കുകൾ ധരിക്കുന്നതാണ് അഭികാമ്യമെന്നും ആദ്യം സർജിക്കൽ മാസ്ക്കും അതിനുമുകളിൽ തുണി മാസ്ക്കും ധരിക്കണമെന്നും നിർദേശം വന്നതോടെ സർജിക്കൽ മാസ്ക്കിന് ആവശ്യക്കാർ ഏറി. 90 ശതമാനം വൈറസിനെയും പ്രതിരോധിക്കാന്‍ സര്‍ജിക്കല്‍ മാസ്ക്കിനാകുമെന്ന വിലയിരുത്തൽ കൂടി വന്നതോടെ ക്ഷാമം രൂക്ഷമായി. എന്‍ 95 മാസ്ക്കുകള്‍ക്ക് 80-250 രൂപയായിരുന്നു പഴയ വില. പഴയ സ്റ്റോക്ക് തീര്‍ന്നതിനാല്‍ ഇത് ലഭ്യമല്ല. ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വില പിന്നെയും കൂടും.
ഇതോടെ ഇവയുടെ വില നിയന്ത്രിക്കാനും പൂഴ്ത്തിവെപ്പ് തടയുന്നതിനും ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധന ശക്തമാക്കി. കോവിഡിെൻറ തുടക്കത്തില്‍ വ്യാപാരികള്‍ സാനിറ്റൈസറിനും മാസ്ക്കിനും ഇരട്ടിയിലധികം തുക ഈടാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് വില കുറച്ചത്. കോവിഡ് ഒന്നാംഘട്ടത്തോടെ മാസ്ക്കുകളുടെയും സാനിറ്റൈസറുകളുടെയും ഉൽപാദനം വര്‍ധിക്കുകയും ഇവ സുലഭമാവുകയും ചെയ്തതോടെ വില്പന മന്ദഗതിയിലായി. എന്നാല്‍, കോവിഡ് രണ്ടാംഘട്ടത്തില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും രോഗവ്യാപനം കൂടുകയും ചെയ്തതോടെ മാസ്ക്കുകൾക്കും സാനിറ്റൈസറുകൾക്കും ആവശ്യവും വർധിച്ചു. അതോടെ പൂഴ്ത്തിവെപ്പും വ്യാപകമായി. മാസ്ക്കുകൾ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍വരെ തിരക്ക് കൂടിയിരിക്കുകയാണ്.
ചെറിയ കുപ്പി സാനിറ്റൈസറുകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കൊണ്ടുനടക്കാൻ എളുപ്പത്തിനാണ് ആളുകൾ ചെറിയ സാനിറ്റൈസർ ബോട്ടിലുകൾ ആവശ്യപ്പെടുന്നത്. ഇവ കടകളില്‍ കിട്ടാതെയായിട്ടുണ്ട്. 200 മില്ലി സാനിറ്റൈസറിന് പരമാവധി 50-100 രൂപയുണ്ടായിരുന്നിടത്ത് 100നു മുകളിലായി ഇപ്പോഴത്തെ വില.
മാത്രവുമല്ല വലിയ കുപ്പികള്‍ മാത്രമാണ് വിൽപനക്കുള്ളതും. പല മെഡിക്കല്‍ സ്റ്റോറുകളിലേക്കും നേരത്തേ ലഭ്യമായിരുന്ന മാസ്ക്, സാനിറ്റൈസര്‍ വരവ് നിലച്ചു. കടകളിലേക്ക് വിവിധ കമ്പനികളില്‍നിന്നും മാസ്ക്കുകളും സാനിറ്റൈസറുകളും എത്തിച്ചു നല്കുന്ന ഇടനിലക്കാരാണ് വില കൂട്ടുന്നതെന്നാണ് മെഡിക്കല്‍ സ്േറ്റാര്‍ ഉടമകള്‍ പറയുന്നത്. സർക്കാർ ഇടപെട്ട് വിൽപന വില നിശ്ചയിക്കണമെന്നും എങ്കിൽ മാത്രമേ ഇവയുടെ വില നിയന്ത്രിക്കാൻ ആവുകയുള്ളൂ എന്നും മെഡിക്കൽ ഷോപ്പുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.