കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പരമ്പരയിൽപെട്ട റോയ് തോമസ് വധക്കേസിൽ ജോളിയടക്കം നാലു പ്രതികൾക്ക് കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. മുഖ്യപ്രതി പൊന്നാമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന ആരോപണമുയർന്ന ജ്വല്ലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്ത് നിർമിച്ചുവെന്ന് കുറ്റം ചുമത്തപ്പെട്ട മനോജ് കുമാർ എന്നിവർക്കാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ജോളി മറ്റൊരാളെ വിവാഹം കഴിക്കാൻ മറ്റു പ്രതികളുടെ സഹായത്തോടെ ആദ്യ ഭർത്താവ് റോയ് തോമസിന് ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കുറ്റമാണ് വായിച്ചുകേൾപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, പോയ്സൺ ആക്ടിലെ ആറാം വകുപ്പ് എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയ കുറ്റം. എം.എസ്. മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ഗൂഢാലോചന, പ്രേരണക്കുറ്റം, പോയ്സൺ ആക്ടിലെ ആറാം വകുപ്പ് എന്നിവയും ചുമത്തി.
പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചതാണ് നാലാം പ്രതി മനോജിനെതിരെയുള്ള ചാർജ്. കുറ്റം പ്രതികൾ നിഷേധിച്ചതിനെ തുടർന്ന് തുടർനടപടികൾക്കായി കേസ് ജനുവരി 19നു മാറ്റി. കേസിൽ കുറ്റമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ ഹൈകോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിൽ വ്യാഴാഴ്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് മാറ്റിവെക്കണമെന്നുള്ള ജോളിയുടെ അപേക്ഷ നിരസിച്ചുകൊണ്ടാണ് കോടതി നടപടികൾ നടന്നത്.
കേസ് വിളിച്ചയുടൻ ജോളി ജഡ്ജിയുടെ ഇരിപ്പിടത്തിനു സമീപമെത്തി നേരിട്ടും അവരുടെ അഭിഭാഷകൻ അഡ്വ. ഹിജാസ് അഹമ്മദ് മുഖേനയും ഈ ആവശ്യമുന്നയിച്ചെങ്കിലും കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഹൈകോടതി ഹരജി പരിഗണിക്കുന്ന ജനുവരി 18 കഴിഞ്ഞ് തൊട്ടടുത്ത ദിവസത്തേക്കു കേസ് മാറ്റി. കൂട്ടക്കൊലയിൽപെട്ട മറ്റു കേസുകൾ ഫെബ്രുവരിയിലേക്കും മാറ്റി.
തനിക്ക് എം.എസ്. മാത്യുവുമായി കോടതി പരിസരത്ത് സംസാരിക്കണമെന്നാവശ്യപ്പെട്ട് ജോളി നൽകിയ അപേക്ഷ കോടതി അനുവദിച്ചെങ്കിലും അപ്പോഴേക്കും മാത്യുവിനെ പൊലീസ് ജയിലിലേക്കു മാറ്റിയതിനാൽ സംസാരിക്കാനായില്ല. ജോളി കണ്ണൂർ വനിത ജയിലിലും മാത്യു കോഴിക്കോട് ജില്ല ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മറ്റു പ്രതികൾ ജാമ്യത്തിലാണ്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് ഹാജരായി. മൊത്തം ആറു കേസുകളിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് വധക്കേസാണ് വിചാരണ നടപടിയിലേക്കു കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.