മാവൂർ: മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ 830 ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. വാക്സിനേഷൻ ചുമതലയുള്ള ആർ.സി.എച്ച് ഓഫിസർ ഡോ. മോഹൻദാസ് ബുധനാഴ്ച ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
വാക്സിൻ കൈകാര്യംചെയ്തതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിവരം. റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് ഉടൻ കൈമാറും. വാക്സിൻ ക്ഷാമം നേരിടുന്ന സമയത്ത് ഇത്രയധികം ഡോസ് നഷ്ടമായത് ഗൗരവമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. സംസ്ഥാനത്ത് വാക്സിൻ പാഴാക്കിയിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വന്ന് ദിവസങ്ങൾക്കകം ഇത്തരം സംഭവമുണ്ടായത് ഗൗരവം വർധിപ്പിക്കുന്നു.അതിനാൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
മാവൂർ, പെരുവയൽ, പെരുമണ്ണ ഗ്രാമ പഞ്ചായത്തുകളിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ചൊവ്വാഴ്ച കുത്തിവെപ്പിന് ഉപയോഗിക്കാനുള്ള 830 ഡോസ് കോവിഷീൽഡ് വാക്സിനാണ് കട്ടപിടിച്ച് ഉപയോഗശൂന്യമായത്. ശീതീകരണിയിലെ നിശ്ചിത താപനിലയുള്ള അറയിൽവെക്കുന്നതിനു പകരം താഴ്ന്ന താപനിലയുള്ള ഫ്രീസറിൽവെച്ചതാണ് തണുത്തുറഞ്ഞു പോകാൻ ഇടയാക്കിയതെന്നാണ് വിവരം. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് മരുന്ന് ചെറൂപ്പ ആശുപത്രിയിലെത്തിച്ചത്.
ഇത് ഏറ്റുവാങ്ങി ശീതീകരണിയിൽ സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന എൽ.എച്ച്.ഐ ഡ്യൂട്ടി കഴിഞ്ഞ് പോയ ശേഷമാണ് വാക്സിൻ എത്തിച്ചത്. ഇത് വാങ്ങി ശീതീകരണിയിൽ വെക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് ഇവർ പറഞ്ഞിരുന്നുവത്രെ. പരിചയമില്ലാതിരുന്ന നഴ്സ് ശീതീകരണിയിലെ അറ അബദ്ധത്തിൽ മാറിവെക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ എടുത്തപ്പോഴാണ് കേടായത് മനസ്സിലാക്കുന്നത്. തുടർന്ന് ഡി.എം.ഒ ഓഫിസിൽനിന്ന് വാക്സിൻ എത്തിച്ചാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് കുത്തിവെച്ചത്. സ്പോട്ട് രജിസ്ട്രേഷൻ വഴിയുള്ള വാക്സിനേഷൻ നിർത്തിവെക്കുകയും ചെയ്തു.
ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ഡി.എം.ഒ
മാവൂർ: ചെറൂപ്പ ആശുപത്രിയിൽ 830 ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തിൽ വാക്സിൻ കൈകാര്യംചെയ്യുന്നതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ജില്ല മെഡിക്കൽ ഓഫിസർ വി. ജയശ്രീ 'മാധ്യമ'ത്തോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറുമെന്നും ഡി.എം.ഒ അറിയിച്ചു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ പറഞ്ഞു.
ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പരമ്പര
മാവൂർ: മെഡിക്കൽ കോളജിന്റെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഡ് വാക്സിൻ ഉപയോഗശൂന്യമായ സംഭവത്തിൽ പ്രതിഷേധ പരമ്പര. ബി.ജെ.പി, മുസ്ലിം യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് സംഘടനകളാണ് പ്രതിഷേധം നടത്തിയത്. ബി.ജെ.പി നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. സുനോജ് കുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡൻറ് കെ. നിത്യാനന്ദൻ, ജില്ല കമ്മിറ്റി അംഗം കെ.സി. വത്സരാജ്, പി. സുഗേഷ്, പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം ജില്ല സെക്രട്ടറി ഒ.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മുർത്താസ് അധ്യക്ഷത വഹിച്ചു. ഹബീബ് ചെറൂപ്പ, യു.എ. ഗഫൂർ, ശാക്കിർ പാറയിൽ, ഷൗക്കത്തലി വളയന്നൂർ എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഒ.പി. സമദ്, സജി കെ. മാവൂർ, സഫാദ് ആയോത്ത് , സൈനുൽ ആബിദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.