മാവൂർ: കടുത്ത വേനലിൽ വാഴകൾ വ്യാപകമായി നിലംപൊത്തി തുടങ്ങിയതോടെ വാഴക്കുലകൾക്ക് വിലകിട്ടാതെ കർഷകർ. വാങ്ങാനാളില്ലാതെ നേന്ത്രവാഴക്കുലകൾ റോഡരികിൽ കൂട്ടിയിട്ട് ആവശ്യക്കാരോട് എടുത്തുകൊണ്ടുപോകാനാവശ്യപ്പെട്ട് കർഷകൻ. വളയന്നൂരിലെ പ്രമുഖ കർഷകനും വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ മാവൂർ വിപണനകേന്ദ്രം മുൻ ഭാരവാഹിയുമായ കെ.പി. ശ്രീധരനാണ് കുലകൾ സൗജന്യമായി നൽകിയത്.
വളയന്നൂരിൽ ഇദ്ദേഹം കൃഷി ചെയ്ത 1200ഓളം വാഴകളിൽ 300 എണ്ണം കഴിഞ്ഞദിവസങ്ങളിൽ നിലംപൊത്തി. ഇവ കൃഷിയിടത്തിൽതന്നെ ചീഞ്ഞുപോകുമെന്ന ആശങ്ക കാരണമാണ് വളയന്നൂർ-ചെട്ടിക്കടവ് റോഡരികിൽ കൂട്ടിയിട്ടത്. ‘ഈ കാണുന്ന നേന്ത്രക്കുലകൾ ആർക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം’ എന്ന് കടലാസിൽ എഴുതിയാണ് കൂട്ടിയിട്ടത്. കഴിഞ്ഞദിവസം 100 എണ്ണം ഇത്തരത്തിൽ വെച്ചിരുന്നു.
ഇതെല്ലാം ആവശ്യക്കാർ കൊണ്ടുപോയി. തുടർന്ന് തിങ്കളാഴ്ചയും ആവർത്തിക്കുകയായിരുന്നു. മുഴുവൻ കുലകളും ആളുകളെത്തി കൊണ്ടുപോയി. പൂർണമായി മൂപ്പെത്താറായ കുലകളുള്ള വാഴകളാണ് വീഴുന്നത്. ശേഷിക്കുന്നവയും ഏതുനിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.
കഴിഞ്ഞദിവസം വി.എഫ്.പി.സി.കെ മാവൂർ വിപണനകേന്ദ്രത്തിൽ വിൽപനക്കുവെച്ചെങ്കിലും ചെലവായില്ല. കടുത്ത വേനലിൽ വീഴുന്നവക്ക് മധുരം കുറവായതുകാരണമാണ് ആവശ്യക്കാർ കുറഞ്ഞത്. കഴിഞ്ഞദിവസം 10 കുലകൾ പഴുപ്പിച്ച് മാവൂരിൽ കിലോഗ്രാമിന് 100 രൂപ നിരക്കിൽ വിൽപനക്കുവെച്ചെങ്കിലും വൈകീട്ടുവരെ കാത്തിരുന്നിട്ടും ഒമ്പതെണ്ണമാണ് വിറ്റുപോയത്. കഴിഞ്ഞവർഷവും ഈ വർഷവുമായി ഉൽപാദന ചെലവായ എട്ടുലക്ഷം രൂപ നഷ്ടമായെന്ന് കെ.പി. ശ്രീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഊർക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ അനാവശ്യമായി തുറന്നുകൊടുക്കുന്നതുകാരണം ചെറുപുഴ, ചാലിയാർ എന്നിവയിൽ ജലം കുറഞ്ഞതാണ് കർഷകർക്ക് വിനയാകുന്നത്. കഴിഞ്ഞവർഷവും ഇത്തരത്തിൽ വാഴകൾ നശിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്തവർഷം കൃഷി ചെയ്യേണ്ടെന്ന നിലപാടിലാണ് കർഷകർ. വരൾച്ചാകാലമായി സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ ഇൻഷുർ ചെയ്ത കർഷകർക്ക് ഈ പണവും കിട്ടാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.