മാവൂർ: കണിവെള്ളരി വിളവെടുക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെയാണ് കഴിഞ്ഞ വർഷം കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. വിഷുവിപണി പ്രതീക്ഷിച്ച് ഏക്കർകണക്കിന് സ്ഥലത്ത് വിളഞ്ഞ ടൺകണക്കിന് കണിവെള്ളരിയാണ് വിപണിയിലെത്തിക്കാനാകാതെ അന്ന് വയലുകളിൽ നശിച്ചത്.
ഇത്തവണ കണിവെള്ളരി കൃഷിയിൽ ഗണ്യമായ കുറവുണ്ട്. രണ്ടാം വ്യാപന ഭീഷണി ഉയരുന്നുണ്ടെങ്കിലും വയലുകളിൽ ഇത്തവണ പ്രതീക്ഷയുടെ കണിെവള്ളരി വിളവെടുപ്പാണ്. ഇത്തവണ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിലാണ് ആശങ്കക്കിടയിലും കൃഷിയിറക്കിയ കർഷകർ. മാവൂർ ഗ്രാമപഞ്ചായത്തിലെ ചാലിപ്പാടത്ത് ഒരേക്കർ വയലിൽ അഞ്ചു ടണ്ണിലധികം കണി
െവള്ളരിയാണ് വിളവെടുത്തത്. കിലോക്ക് 35 രൂപയെങ്കിലും വിലകിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞദിവസം മുതൽ പച്ചക്കറി, പഴവർഗ പ്രമോഷൻ കൗൺസിൽ കേരള കേന്ദ്രങ്ങളിലേക്കും വേേങ്ങരി കാർഷിക വിപണനകേന്ദ്രത്തിലേക്കും പാളയം പച്ചക്കറി മാർക്കറ്റിലേക്കും കണിവെള്ളരി വിൽപനക്ക് എത്തിച്ചുതുടങ്ങി. നിരവധി പേർ ഏക്കർകണക്കിന് സ്ഥലത്ത് കണിവെള്ളരി കൃഷിചെയ്ത മാവൂർ പാടത്ത് ഇത്തവണ ഒരാൾ മാത്രമാണ് നാമമാത്രമായി കണിവെള്ളരി കൃഷിചെയ്തത്.
പതിവായി കൃഷിയിറക്കാറുള്ള പല വയലുകളിലും ഇത്തവണ കുറവാണ്. കഴിഞ്ഞ വർഷം വൻ പ്രതീക്ഷയോടെയായിരുന്നു കണിവെള്ളരി കൃഷിചെയ്തത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിളവെടുക്കാനാവാതെ പ്രതിസന്ധിയിലായി. ടൺകണക്കിന് കണിവെള്ളരി വയലുകളിൽ നശിക്കുകയും കർഷകർക്ക് ഭീമമായ തുക നഷ്ടം സംഭവിക്കുകയും ചെയ്തു. തദ്ദേശീയ കച്ചവടകേന്ദ്രങ്ങളിൽ നേരിയ തോതിൽ എത്തിക്കാൻ മാത്രമാണ് അന്ന് സാധിച്ചത്. ഈ ദുരനുഭവമാണ് കർഷകരെ ഇത്തവണ അകറ്റിയത്. കൃഷിയിറക്കി വിളവ് ലഭിച്ചവർ കഴിഞ്ഞ വർഷത്തെ നഷ്ടം കുറച്ചെങ്കിലും നികത്താനാകുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.