മാവൂർ: നിപ ബാധിച്ച് 12കാരൻ മരിച്ചതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽനിന്ന് പിടികൂടിയ വവ്വാലുകളിൽ ചിലതിൽ നിപ സാന്നിധ്യം തെളിയിക്കുന്ന ഐ.ജി.ജി ആൻറിബോഡി കണ്ടെത്തിയതോടെ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. കൊടിയത്തൂർ, താമരശ്ശേരി പ്രദേശങ്ങളിൽനിന്ന് പിടികൂടിയ വവ്വാലുകളിലാണ് ആൻറിബോഡി കണ്ടെത്തിയത്.
കൂടുതൽ വവ്വാലുകളിൽ വൈറസ് സാന്നിധ്യമുണ്ടോ, കുട്ടിക്ക് എങ്ങനെ പകർന്നു തുടങ്ങിയ കാര്യങ്ങൾ അറിയണമെങ്കിൽ വിദഗ്ധ പഠനം ആവശ്യമാണ്. പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെത്തിയാണ് വവ്വാലുകളെ പിടികൂടിയത്. നിലവിൽ ഏതാനും വവ്വാലുകളുടെ പരിശോധനഫലങ്ങളാണ് വന്നത്. 50ഓളം എണ്ണത്തിെൻറ ഫലങ്ങൾകൂടി വരാനുണ്ട്. ഇവകൂടി ലഭിച്ചാൽ മാത്രമേ വ്യാപനത്തിെൻറ തോത് സംബന്ധിച്ച് സൂചന ലഭിക്കൂ.
കൊടിയത്തൂർ, ചേന്ദമംഗലൂർ ഭാഗങ്ങളിലെ വാസസ്ഥലങ്ങളിൽ ആയിരക്കണക്കിന് വവ്വാലുകളുടെ സാന്നിധ്യമുണ്ട്. ഇതിൽ കൊടിയത്തൂരിലെ കേന്ദ്രത്തിൽനിന്നാണ് പാഴൂരിലേക്കും സമീപപ്രദേശങ്ങളിലേക്കും വവ്വാലുകൾ സഞ്ചരിക്കുന്നതെന്ന് എൻ.ഐ.വി, വനംവകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. മാത്രമല്ല, സമീപത്തെ മറ്റു പ്രദേശങ്ങളിലും ഇത്തരത്തിൽ വവ്വാലുകൾ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വവ്വാൽ കടിച്ച പഴവർഗങ്ങൾ, അടക്ക എന്നിവ കൈകാര്യംചെയ്യുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണം. കിളികളോ മറ്റോ കടിച്ച പഴ വർഗങ്ങൾ ഭക്ഷിക്കരുത്. ഇവ ൈകകാര്യംചെയ്താൽ കൈകൾ നന്നായി വൃത്തിയാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.