മാവൂർ: നിപ ഉറവിടം കണ്ടെത്തുന്നതിന് വ്യാഴാഴ്ച രാത്രി മാവൂരിൽനിന്ന് പിടികൂടിയ കാട്ടുപന്നിയുടെ സാമ്പ്ളെടുത്ത് മൃഗസംരക്ഷണ വകുപ്പിന് കൈമാറി. വനം വകുപ്പിെൻറ നേതൃത്വത്തിലാണ് മാവൂരിന് അടുത്തുള്ള കരിമലയിൽനിന്ന് വ്യാഴാഴ്ച രാത്രി കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യയുടെ നേതൃത്വത്തിലാണ് സാമ്പ്ളെടുത്തത്.
വവ്വാലുകളിൽനിന്ന് ശനിയാഴ്ച സാമ്പിൾ ശേഖരിക്കും. വെള്ളിയാഴ്ച രാത്രി ഇവയുടെ ആവാസ കേന്ദ്രത്തിൽ വലവിരിച്ചു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘമെത്തിയാണ് വല സജ്ജമാക്കി വിരിച്ചത്. വനം വകുപ്പ് അധികൃതരും സഹായത്തിനെത്തി. ശനിയാഴ്ച പുലർച്ചെ സംഘം സ്ഥലത്തെത്തി, വലയിൽ കുടുങ്ങിയ വവ്വാലുകളിൽനിന്ന് സാമ്പ്ളെടുക്കും. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് കുറ്റിയോട്ടാണ് വലവിരിച്ചത്. പാഴൂർ ഭാഗത്തേക്ക് വവ്വാലുകളെത്തുന്നത് കുറ്റിയോട്ട് ഭാഗത്തുനിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വല വിരിക്കാവുന്ന സ്ഥലം നിർണയിച്ചത്.
പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള അസി. ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യം, ഡോ. മങ്കേഷ് ഗോഖലെ, അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പുണെ എൻ.ഐ.വി സംഘവും വെറ്ററിനറി സർജൻ ഡോ. അരുൺ സത്യയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവുമാണ് വല സ്ഥാപിച്ചത്. പാഴൂരിലും നിപയുടെ പ്രധാന ഉറവിടമായി സംശയിക്കുന്നത് വവ്വാലിനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.