പാഴൂർ: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയായി അടച്ചുപൂട്ടിയ പ്രദേശങ്ങളിൽ ദുരിത ജീവിതം. ആളുകൾ ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പാഴൂർ വാർഡിലെ അവശത അനുഭവിക്കുന്ന 400 വീട്ടുകാർക്ക് മാത്രമാണ് ഭക്ഷ്യ കിറ്റിന് നിലവിൽ അനുമതി കിട്ടിയിട്ടുള്ളൂ. ഇവർക്കുള്ള വിതരണം വെള്ളിയാഴ്ച തുടങ്ങി. രോഗം സ്ഥിരീകരിച്ച ഉടൻ പാഴൂരും സമീപ പ്രദേശങ്ങളും അടച്ചുപൂട്ടിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിപ കെണ്ടയ്ൻമെൻറ് സോണാക്കി. അതിതീവ്ര വൈറസായതിനാൽ പാഴൂരിനോട് ചേർന്ന പ്രദേശങ്ങളിൽ വീടിന് പുറത്തിറങ്ങാൻപോലും ആളുകൾ ഭയപ്പെട്ടു. അത്യാവശ്യ സാധനങ്ങൾ ആർ.ആർ.ടി വളൻറിയർമാരാണ് വീടുകളിൽ എത്തിച്ചുനൽകുന്നത്. കടകളിൽനിന്ന് ഓർഡർ അനുസരിച്ച് ശേഖരിച്ച് എത്തിക്കുകയാണ് ചെയ്യുന്നത്. പാഴൂരുള്ള കടകളിലേക്ക് സാധനങ്ങൾ കൂളിമാട് എത്തിച്ച് മറ്റു വാഹനത്തിൽ പാഴൂരും മറ്റും എത്തിക്കുകയാണ് ചെയ്യുന്നത്. അതേസമയം, പണിയും കൂലിയുമില്ലാതെ ദുരിതത്തിലായ ആളുകൾ നിരവധിയാണ്. നിത്യ കൂലിക്ക് പണിയെടുക്കുന്നവർ ധാരാളം പ്രദേശത്തുണ്ട്.
ഇവരൊക്കെ പണിക്ക് പോകാതായിട്ട് ഒരാഴ്ച തികയുന്നു. കൈയിൽ പണമില്ലാത്തതിനാൽ അവശ്യവസ്തുക്കളടക്കം വാങ്ങിക്കാൻ ഇവർക്ക് നിവൃത്തിയില്ലാതായിരിക്കുകയാണ്. നിപ ഭീതി ഒഴിയുന്നുണ്ടെങ്കിലും പ്രദേശം എന്ന് തുറക്കുമെന്നറിയില്ല. അതിനാൽ കടം വാങ്ങാനും വഴിയില്ല. പ്രദേശം പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും പരാതി. കർഷകർക്ക് കൃഷിയിടത്തിൽ എത്താനും കഴിയുന്നില്ല.
ക്ഷീര കർഷകരും പ്രയാസത്തിലാണ്. ഇവക്കുള്ള തീറ്റ വാങ്ങാനും പണമില്ലെന്ന് നാട്ടുകാർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പാൽ വിതരണവും മുടങ്ങിയിരുന്നു. കഴിഞ്ഞദിവസമാണ് ഇത് ആർ.ആർ.ടിമാർ വഴി വിതരണം തുടങ്ങിയത്. പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം നിപ ബാധിത പ്രദേശത്ത് തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രം കിറ്റ് നൽകാനാണ് സർക്കാർ നിർദേശിച്ചത്. ഇതിന് തുക അനുവദിച്ചിട്ടില്ല. കണ്ടെയ്ൻമൻറ് സോണാക്കി അടച്ചു പൂട്ടിയ പ്രദേശങ്ങളിലെ മുഴുവൻ പേർക്കും ഭക്ഷ്യ കിറ്റും മറ്റു സഹായങ്ങളും എത്തിക്കണമെന്നാണ് ആവശ്യം.
നിപ: ആശ്വാസ നടപടി സ്വീകരിക്കണം
മുക്കം: നിപ സ്ഥിരീകരിച്ച ശേഷം അടച്ചുപൂട്ടിയ പ്രദേശങ്ങളിലുള്ളവർക്ക് ആശ്വാസ നടപടികൾ നടപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ വാർഡിലും ഹെൽപ് ഡെസ്ക് സംവിധാനം സജ്ജീകരിക്കുക, ആവശ്യാനുസരണം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുക, ലോക്ക്ഡൗൺ പ്രദേശത്ത് രോഗികൾക്ക് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക തുടങ്ങിയവ അടിയന്തര പ്രാധാന്യത്തോടെ നഗരസഭ ഭരണ സമിതിയും സർക്കാറും ഒരുക്കണമെന്ന് എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.സി. അൻവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ.കെ. ബാവ, ഷംസുദ്ദീൻ ചെറുവാടി, സലീന ടീച്ചർ, ലിയാഖത്ത് മുറമ്പാത്തി, സാലിം ജി.റോഡ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.