കോഴിക്കോട്: നഗരത്തിന്റെ മുഖ്യ പാതയായ മാവൂർ റോഡിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ജങ്ഷനും അരയിടത്ത് പാലത്തിനുമിടയിലാണ് ട്രാഫിക് നിയന്ത്രണം കാര്യക്ഷമമല്ലാത്തതിനാൽ ഏതു നേരവും തിരക്കനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിയുടെ തിരക്കുകൂടി വന്നതോടെ ബുദ്ധിമുട്ട് ഇരട്ടിച്ചു. കെ.എസ്.ആർ.ടി.സിയടക്കം ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, തിയറ്ററുകൾ, മാളുകൾ തുടങ്ങിയവയെല്ലാം നിറഞ്ഞ റോഡിൽ നിരവധി ഓട്ടോ സ്റ്റാൻഡുകളുമുണ്ട്. വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്ന സ്ഥിതിയാണിപ്പോൾ. ഇതുകാരണം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നു. ഇതുവഴി ട്രെയിൻ കയറാനായി പോവുന്നവർക്ക് സമയത്തിന് എത്താനാവാത്ത അവസ്ഥയാണിപ്പോൾ. കൃത്യസമയത്തിന് എത്താതെ ട്രെയിൻ നഷ്ടപ്പെടുന്നത് സ്ഥിരമാണ്. ഈ ഭാഗങ്ങളിൽ അടിയന്തരമായി ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് പോംവഴിയെന്ന് കൗൺസിലർ ടി. സുരേഷ് കുമാർ പറഞ്ഞു.
മെഡിക്കൽ കോളജ് റൂട്ടിലേക്കുള്ള ബസുകൾ തലങ്ങും വിലങ്ങും നിർത്തുന്നതും പ്രശ്നമാണ്. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലാണ് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസുകൾക്കുള്ള സ്റ്റോപ്പ്. എന്നാൽ, ഇവ ജങ്ഷൻ കടന്ന് സ്റ്റാൻഡിന്റെ വടക്ക് ഭാഗം പാതയിലുടനീളം നിർത്തി ആളെ കയറ്റുന്നു. നടുറോഡിൽവരെ വണ്ടി നിർത്തുമ്പോഴുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. സ്റ്റാൻഡിന്റെ കവാടത്തിലും മർകസ് കോംപ്ലക്സിനു മുന്നിലും തുടങ്ങി നായനാർ മേൽപാലത്തിന്റെ കവാടം വരെ ബസുകൾ നിർത്തുന്നു. ജാഫർ ഖാൻ റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ ഇതുകാരണം മാവൂർ റോഡിൽ ബസുകൾക്ക് പുറകിൽ നിർത്തിയിടേണ്ടി വരുന്നു. ഇങ്ങനെ വലിയനിരതന്നെയാണ് റോഡിൽ രൂപം കൊള്ളുന്നത്. സ്റ്റാൻഡിനുമുന്നിലെ സീബ്ര ലൈനിൽ യാത്രക്കാരെ നിയന്ത്രിക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്നമാണ്. മുമ്പ് ഇവിടെ ഫൂട്ട് ഓവർ ബ്രിഡ്ജിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി.
ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് അടിയന്തര നടപടികളില്ലാത്തതും പ്രശ്നമാണ്. പ്രശ്നങ്ങൾ അഡ്വൈസറി കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്താൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.