കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് മലയാള ഭാഷാപഠനം എളുപ്പമാക്കുന്നതിനുള്ള 'മീഠീ മലയാളം' പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന അതിഥിത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഭാഷ തടസ്സമാകരുത്.
മലയാള ഭാഷാപഠനം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊഡ്യൂൾ തയാറാക്കി ശാസ്ത്രീയമായ രീതിയിലുള്ള 'മീഠീ മലയാളം' പരിശീലനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിന് പൂർണ പിന്തുണ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഹിന്ദി മാതൃഭാഷയായ കുട്ടികൾക്ക് മലയാള ഭാഷാപഠനം ലളിതമാക്കുന്നതിനായി ജില്ലയിലെ സൗത്ത് യു.ആർ.സി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പഠനപോഷണ പരിപാടിയാണ് 'മീഠീ മലയാളം'. യു.ആർ.സി സൗത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഏഴാം ക്ലാസുവരെ പഠിക്കുന്നവരിൽ 370 വിദ്യാർഥികൾ മലയാളം മാതൃഭാഷയല്ലാത്തവരാണ്.
ഇവർക്ക് മലയാളം മനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള പ്രാപ്തി കൈവരിക്കുക എന്നതാണ് ലക്ഷ്യം. പുതിയറ ബി.ഇ.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ -കലാകായിക സ്ഥിരംസമിതി ചെയർപേഴ്സൻ സി. രേഖ അധ്യക്ഷത വഹിച്ചു. ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പദ്ധതി വിശദീകരിച്ചു. പി.കെ. നാസർ, എം. ജയകൃഷ്ണൻ, പി.എൽ. ജയിംസ്, ലിനു പി. ജോസ്, വി. പ്രവീൺ കുമാർ, പി. സുഭാഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.