കോഴിക്കോട്: നഗരത്തിൽ ഇ-ടോയ്ലറ്റുകൾക്ക് പകരം മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രീ ഫാബ് സ്റ്റീല്‍ മോഡുലാര്‍ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് രണ്ട് വട്ടം ആലോചിക്കണമെന്ന് കൗൺസിലിലെ യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇ- ടോയ്ലറ്റ് സമ്പൂർണ പരാജയമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. ഇ- ടോയിലറ്റ് സ്ത്രീസൗഹൃദമല്ലായിരുന്നുവെന്ന് കോൺഗ്രസിലെ ടി. ശോഭിത ചൂണ്ടിക്കാട്ടി. 'ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്നും' മോഡുലാർ ടോയ്ലറ്റുകൾ സാമ്പിളായി സ്ഥാപിച്ച് പരിശോധിച്ച ശേഷമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും മേയർ ഡോ. ബീന ഫിലിപ് കൗൺസിലിന് ഉറപ്പുനൽകി.
നേരത്തെ നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകൾ ലേലം ചെയ്ത് ഒഴിവാക്കിയായിരിക്കും പകരം പുതിയ ടോയ്ലറ്റുകൾ സ്ഥാപിക്കുക. മാനാഞ്ചിറ സ്ക്വയർ, മെഡിക്കൽ കോളജ്, ഒയിറ്റി റോഡ്, ബേപ്പൂർ, അരീക്കാട്, പാവങ്ങാട്, ലോറി സ്റ്റാൻഡ്, മുതലക്കുളം, കാരപ്പറമ്പ്, ബീച്ച് തുടങ്ങി 14 തിരക്കുള്ള സ്ഥലങ്ങളിലായിരുന്നു ഇ- ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നത്. ടോയ്ലെറ്റ് സ്ഥാപിക്കുന്നതിന് കമ്പനികളിൽനിന്ന് താൽപര്യപത്രം ക്ഷണിക്കാനാണ് കൗൺസിൽ അംഗീകാരം നൽകിയത്.
ടോയ്ലെറ്റുകൾ സ്ഥാപിച്ചശേഷം പൊതുജനങ്ങൾക്ക് സൗകര്യപ്രദമാണോയെന്നും പ്രവർത്തനമെങ്ങനെയെന്നും പരിശോധിച്ചശേഷം മാത്രമേ പൂർണമായും സ്ഥാപിക്കാനുള്ള അനുമതി നൽകൂവെന്നും മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിന് മുമ്പ് അതിെൻറ രൂപകൽപനയും മറ്റും പുനഃപരിശോധിക്കണമെന്ന കൗൺസിൽ അംഗങ്ങളുടെ ആവശ്യവും മേയർ അംഗീകരിച്ചു.
സിൽവർ ലൈൻ വേണമെന്ന് കൗൺസിൽ
കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരായ പ്രമേയം കോർപറേഷൻ കൗൺസിൽ യോഗം വോട്ടിനിട്ട് തള്ളി. പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതി സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് തിരിച്ചടിയാകുമെന്ന് മുസ്ലിം ലീഗിലെ കെ. മൊയ്തീൻകോയ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് - ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചെങ്കിലും എൽ.ഡി.എഫ് ശക്തമായി എതിർത്തു. കേരളത്തിൽ വേഗറെയിൽ പദ്ധതി കൊണ്ടുവന്നവരാണ് അർധ അധിവേഗ റെയിൽപാതയെ എതിർക്കുന്നതെന്ന് സി.പി.എമ്മിലെ എം.പി. സുരേഷ് ആരോപിച്ചു. കേരളം നശിച്ചുകാണമെന്ന് താൽപര്യമുള്ളവരാണ് കെ റെയിലിനെ എതിർക്കുന്നത്. എസ്. ജയശ്രീ, ടി. റനീഷ്, മനോഹരൻ മാങ്ങാറിയിൽ, പി. ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട്: ജല അതോറിറ്റി ബില്ലിൽ ഉണ്ടാകുന്ന അമിത വർധനവും തെറ്റുകളും കാരണം സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിൽ എൻ.സി. മോയിൻകുട്ടിയാണ് വിഷയത്തിൽ ശ്രദ്ധക്ഷണിച്ചത്. മാങ്കാവിൽ സാധാരണ കുടുംബത്തിന് 1,07,282 രൂപയുടെ ബില്ല് വന്നത് ശ്രദ്ധയിൽപെടുത്തിയിട്ടും ജല അതോറിറ്റിയിൽനിന്ന് കാര്യമായ നടപടി ഉണ്ടായില്ലെന്നും പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ നിരവധി പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ചെലവേറിയ സാഹചര്യത്തിൽ സർക്കാർ സഹായം വർധിപ്പിക്കണമെന്ന് വരുൺ ഭാസ്കറും നഗരത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന് കെ.ടി. സുഷാജും ശ്രദ്ധക്ഷണിച്ചു. കുടുംബശ്രീ വഴി വായ്പയെടുത്ത് വാഹനം വാങ്ങിച്ച് തിരിച്ചടവ് മുടങ്ങിയവരുടെ ബാധ്യത എഴുതിത്തള്ളണമെന്ന് നിർമല ശ്രദ്ധക്ഷണിച്ചു.
കനോലി കനാൽ ശുചീകരണവും നവീകരണവും വേഗത്തിൽ നടപ്പാക്കണമെന്ന് കെ.സി. ശോഭിതയും വെള്ളിമാടുകുന്നിലെ ഹെൽത്ത് സെൻററിെൻറ ശോചനീയാസ്ഥ പരിഹരിക്കണമെന്ന് ടി.കെ. ചന്ദ്രനും മെഡിക്കൽ കോളജിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡോ. പി.എൻ. അജിതയും ശ്രദ്ധക്ഷണിച്ചു. കെട്ടിടനിർമാണ ചട്ടലംഘനവുമായ ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിലെ പോരായ്മ പരിശോധിക്കണമെന്ന് എസ്.കെ. അബൂബക്കർ ശ്രദ്ധക്ഷണിച്ചു.
ബ്ലൂ ഇക്കണോമി മറെയ്ൻ ബിൽ 2021 നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് കോർപറേഷൻ പ്രമേയം പാസാക്കി. സി.പി.എം അംഗം വി.കെ. മോഹൻദാസ് അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ജില്ല ഹോമിയോ ആശുപത്രിയുടെ വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട സി.പി.എമ്മിലെ വി.പി. മനോജിെൻറ പ്രമേയം ഐകകണ്ഠ്യന അംഗീകരിച്ചു. പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്ന കോൺഗ്രസിലെ എസ്.കെ. അബൂബക്കറിെൻറ പ്രമേയം വോട്ടിനിട്ട് തള്ളി. ബി.ജെ.പി പ്രമേയത്തെ അനുകൂലിച്ചു. ഇതിെൻറ പേരിൽ വലിയ ബഹളമാണ് കൗൺസിലിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.