മുക്കം: മുക്കം നഗരസഭയിലെ മുത്തേരിയിൽ വയോധികയുടെ ആഭരണം കവരുകയും പീഡനത്തിനിരയാക്കുകയും ചെയ്ത കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. അന്വേഷണ സംഘത്തലവനും മുക്കം പൊലീസ് ഇൻസ്പെക്ടറുമായിരുന്ന ബി.കെ. സിജു, മുക്കം സ്റ്റേഷനിലെ എസ്.ഐ സി.സി. സജു, എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഓഫിസർ ഷെഫീഖ് നീലിയാനിക്കൽ കൂടരഞ്ഞി, വടകര റൂറൽ സൈബർ സെൽ എസ്.ഐ സത്യൻ കാരയാട്, എസ്.ഐമാരായ രാജീവ്ബാബു (കോഴിക്കോട് മലാപ്പറമ്പ് സ്വദേശി) , വി.കെ. സുരേഷ് (ചെറുകുളത്തൂർ), എ.എസ്.ഐ ഷിബിൽ ജോസഫ് (കൂടത്തായി) എന്നിവരാണ് അന്വേഷണ മികവിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിനു അർഹരായത്.
2020 ജൂൈല രണ്ടിനാണ് മുക്കം മുത്തേരി കാപ്പുമല വളവിൽ ആളൊഴിഞ്ഞ പറമ്പിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ആഭരണങ്ങൾ കവർന്നത്.
പ്രതിയെകുറിച്ചു ഒരു സൂചനയും ഇല്ലാതിരുന്ന കേസിൽ 12 ദിവസത്തെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് ഐ.പി.എസിെൻറ നിർദേശപ്രകാരം അന്നത്തെ താമരശ്ശേരി ഡിവൈ.എസ്.പിയായിരുന്ന അഷ്റഫിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിയായ മുജീബ്റഹ്മാനെ പിടികൂടിയത്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി തെളിവുകൾ ശേഖരിച്ചു വളരെ കൃത്യതയാർന്ന അന്വേഷണമായിരുന്നു അന്ന് നടത്തിയത്.
തുടക്കത്തിൽ ഒരു തെളിവുകളും ലഭിക്കാതെ തിരിച്ചടി നേരിട്ട കേസിൽ ഇരുന്നൂറോളം സി.സി.ടി.വി കാമറകളും മൊബൈൽ ടവർ ലൊക്കേഷനുകളും ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കുറ്റാന്വേഷണ മികവിന് വർഷത്തിലൊരിക്കൽ സംസ്ഥാന പൊലീസ് മേധാവി നൽകുന്ന പരമോന്നത ബഹുമതിയാണ് ബാഡ്ജ് ഓഫ് ഓണർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.