കോഴിക്കോട്: മെഡിക്കൽ കോളജിലെ മലിനജല സംസ്കരണ പ്ലാന്റുകളെപ്പറ്റി ആശങ്ക വേണ്ടെന്നും ശാസ്ത്രീയമായാണ് അവ പ്രവർത്തിക്കുന്നതെന്നും മഞ്ഞപ്പിത്തമുൾപ്പെടെ പടരുന്ന സാഹചര്യത്തിലാണ് പുറത്തുനിന്നുള്ള കക്കൂസ് മാലിന്യം പ്ലാന്റിൽ സംസ്കരിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൂടിയാൽ 5000 ലിറ്റർ സംഭരണശേഷിയുള്ള 20 ലോറി മാലിന്യം മാത്രമാണ് ദിവസവും എത്തിക്കാനാവുക. കോർപറേഷൻ പണിത പ്ലാന്റുകളിൽനിന്ന് മാലിന്യം പൈപ്പ് വഴിയാണ് പ്ലാന്റിൽ എത്തുന്നത്. അത് ഓവുചാൽ വഴി പോകില്ല. മെഡിക്കൽ കോളജിലുള്ള പഴയ പ്ലാന്റുകളിലേക്ക് മലിനജലമെത്തുന്നത് ഓവുചാൽ വഴിയാണ്. ലോറികളിൽ മാലിന്യം കൊണ്ടിടുന്നത് തടയാൻ പ്രത്യേക ഗേറ്റും റോഡും നിർമിക്കാൻ കോർപറേഷൻ മെഡിക്കൽ കോളജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാന്റ് തുടങ്ങിയപ്പോൾ തന്നെ വെള്ളം പരിശോധിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കിയതാണ്. അമൃത് പദ്ധതിയിൽ ഉൾക്കൊള്ളിച്ച് 19.1 കോടി ചെലവിൽ 3.1 എം.എൽ.ഡി പ്ലാന്റുണ്ടാക്കിയത് ആശുപത്രി വികസന സൊസൈറ്റി നിർദേശ പ്രകാരമാണ്. എം.കെ. രാഘവൻ എം.പിയടക്കം അന്ന് പിന്തുണച്ചതാണ്. ഒരു കെട്ടിടത്തിൽ നിന്ന് ഒരു കണക്ഷനാണ് മെഡിക്കൽ കോളജ് കാമ്പസിൽ നൽകുന്നത്. 2.1 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റിലേക്ക് 12 കെട്ടിടങ്ങളിൽ നിന്ന് ഒരു എം.എൽ.ഡി പ്ലാന്റിലേക്ക് എട്ട് കെട്ടിടങ്ങളിൽ നിന്നുമാണ് മാലിന്യം വരുന്നത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പരിശോധിച്ചപ്പോൾ ഇകോളി, കോളിഫോം ബാക്ടീരിയകൾ കൃത്യമായ അനുവദിക്കപ്പെട്ടതിലും കുറവാണെന്ന് കണ്ടെത്തിയതാണ്. ചെസ്റ്റ് ഹോസ്പിറ്റൽ, കാൻസർ സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യവും ഉടൻ പ്ലാന്റിലേക്ക് എത്തിക്കും.
മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെടും വിധം ഒന്നിലധികം കണക്ഷൻ ഓരോ കെട്ടിടത്തിൽ നിന്ന് പ്ലാന്റിലേക്ക് നൽകണമെങ്കിൽ പ്രത്യേക പദ്ധതി തയാറാക്കേണ്ടി വരുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.