നാദാപുരം: നവംബർ 15ന് തുടങ്ങുന്ന ഉപജില്ല കലോത്സവത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം തുടക്കം കുറിച്ചു. കലോത്സവ വേദിയായ കല്ലാച്ചി ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപ പ്രദേശങ്ങളായ കല്ലാച്ചി, ചേലക്കാട്, പയന്തോങ്ങ് എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, ശീതള പാനീയ ശാലകൾ, കേറ്ററിങ് യൂനിറ്റുകൾ തുടങ്ങിയവയിൽ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ കൂടുതൽ മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കലോത്സവ കമ്മിറ്റിക്ക് നിർദേശങ്ങൾ നൽകി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്കയച്ചു. ക്ലോറിനേഷൻ പരിപാടികൾ ഊർജിതമാക്കി. പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ വിൽപനക്ക് സൂക്ഷിച്ചതും വൃത്തിഹീനമായ അന്തരീക്ഷത്തിലും കണ്ടെത്തിയ ചേലക്കാട്ടെ ദോശ ഹട്ട്, കല്ലാച്ചിയിലെ ഇല്ലത്ത് ഹോട്ടൽ, കെ.ആർ സ്റ്റോർ എന്നിവ താൽക്കാലികമായി അടച്ചിടാൻ നോട്ടീസ് നൽകി. ചേലക്കാടുള്ള റെയ്ദാൻ മന്തി എന്ന സ്ഥാപനത്തിനും പുകയില നിയന്ത്രണ നിയമം പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.
പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് എച്ച്.ഐ സജിനി, ജൂനിയർ എച്ച്.ഐമാരായ കെ. ബാബു, സി. പ്രസാദ്, യു. അമ്പിളി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. പരിശോധന തുടരുമെന്നും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. നവ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.