നാദാപുരം: വളയം ഗവ. ഫാമിലി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. ദിനംപ്രതി 500നടുത്ത് രോഗികൾ ചികിത്സ തേടിയെത്തുന്ന വളയം ഫാമിലി ഹെൽത്ത് സെന്ററിൽ ജനറൽ ഒ.പിയിൽ നിലവിൽ ഒരു ഡോക്ടർ മാത്രമേ പരിശോധനക്കുള്ളൂ. മെഡിക്കൽ സൂപ്രണ്ട് അവധിയായതിനാൽ ഒ.പിയിലെ ഡോക്ടർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. സർക്കാർ മീറ്റിങ്ങിനും മറ്റു കാര്യങ്ങൾക്കും പങ്കെടുക്കേണ്ടതിനാൽ അവർക്ക് രോഗികളെ ചികിത്സിക്കാൻ കഴിയുന്നില്ല.
ദിനംപ്രതി 400നടുത്ത് രോഗികൾ രാവിലെ ഒ.പി.യിലെത്തുമ്പോൾ ഇവരെയെല്ലാം പരിശോധിക്കുന്നത് ജനറൽ ഒ.പിയിലെ ഒരു ഡോക്ടറും മറ്റൊരു പീഡിയാട്രീഷനുമാണ്. ഉച്ചക്കുശേഷം തുടങ്ങുന്ന സായാഹ്ന ഒ.പിയിലും കനത്ത തിരക്കാണ്. ദിവസം 200നടുത്ത് രോഗികൾ ഇവിടെയും എത്തുന്നു. അവരെ പരിശോധിക്കാനും ഒരു ഡോക്ടർ മാത്രമേയുള്ളൂ. രാവിലെ ബാക്കിയാകുന്ന രോഗികളെയും ഈ ഡോക്ടർതന്നെ പരിശോധിക്കണം.
ആദിവാസികൾ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന വളയം ഫാമിലി ഹെൽത്ത് സെന്ററിനോടുള്ള അവഗണന ബ്ലോക്ക് പഞ്ചായത്തിന്റെ നിരുത്തരവാദ സമീപനം മൂലമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സമീപ പഞ്ചായത്തുകളിൽനിന്നടക്കം സ്പെഷലൈസ്ഡ് ഡോക്ടർമാരെ കാണാൻ രോഗികൾ എത്തുന്നതും ഇവിടെത്തന്നെയാണ്.
നേരത്തെ പ്രസവം ഉൾപ്പെടെ കിടത്തിചികിത്സ നടത്തിയിരുന്നെങ്കിലും നിലവിൽ വൈകീട്ട് ആറുമണിക്ക് പൂട്ടിപ്പോകുന്ന സാഹചര്യമാണ്. നിരവധി രാഷ്ട്രീയ സംഘടനകൾ കിടത്തിചികിത്സ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും നിവേദനം നൽകിയിട്ടും അതിലൊന്നും താൽപര്യം കാണിക്കാൻ ഭരണകൂടം തയാറായിട്ടില്ല.
അതിനിടെ വളയം ആശുപത്രിയോടുള്ള അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.