നാദാപുരം: ഓർത്തെടുക്കാനാവാത്ത നടുക്കമാണ് വിലങ്ങാട് ഉൾപൊട്ടലുണ്ടായ ആ രാത്രി ഇവർക്ക്. രാത്രി പന്ത്രണ്ടരയോടെ ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കറുപ്പള്ളിയിൽ സോമിനയും ഭർത്താവും മൂന്നു മക്കളുമടങ്ങിയ കുടുംബം. ഇതിനിടയിലാണ് അസാധാരണ ശബ്ദവും വൻ മരങ്ങൾ ഒഴുകി വരുന്നതും ശ്രദ്ധയിൽപെട്ടതെന്ന് ഷീന ഓർമിക്കുന്നു. മൊബൈൽ വെളിച്ചത്തിൽ ഇറങ്ങിയോടിയ ഇവർ ഉയരത്തിലുള്ള മറ്റൊരു വീട്ടിൽ അഭയം തേടി. നേരം വെളുത്തപ്പോഴേക്കും വീടിന്റെ അടുക്കള, കിടപ്പുമുറി, തിണ്ണ എന്നിവയെല്ലാം ഒഴുകിപ്പോയിരുന്നു. വീടും, കൃഷിയിടവും നഷ്ടമായെങ്കിലും മരണമുഖത്തുനിന്ന് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് കറുകപ്പള്ളിൽ ത്രേസ്യാമ്മയും നന്തിക്കാട്ടിൽ ഷീനയും കുടുംബവും.
60കാരിയായ ത്രേസ്യാമ്മയും മകനും ഒരു മണിയോടെ നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടയിലാണ് അയൽവാസി ഷീനയും കുടുംബവും ഓടിയെത്തി വീട്ടിൽ വെള്ളം കയറിയതായി പറയുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ വീടിന്റെ പരിസരം രണ്ടായി പിരിഞ്ഞ് ഇരുഭാഗത്ത് കൂടിയും വെള്ളമൊഴുകിയെത്തിയിരുന്നു. അടുക്കള ജനൽ വഴി വീടിനകത്തേക്ക് വെള്ളം ഇരച്ചുകയറിയതോടെ ജീവനും കൊണ്ട് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. അയൽവീട്ടിലേക്ക് ഓടിയ എല്ലാവരും ജീവൻ തിരിച്ചുകിട്ടില്ലെന്ന ഉറപ്പിൽ വീട്ടുപറമ്പിലെ വലിയ പാറക്കുപിന്നിൽ പിടിച്ചിരുന്നു.
ഭൂമികുലുക്കുന്ന ശബ്ദത്തോടെ ഒഴുകി വരുന്ന കൂറ്റൻ കല്ലുകളും മാറി മാറിയുള്ള ഉരുൾപൊട്ടലിന്റെ പ്രകമ്പനവും നടക്കുന്നതിനിടെ എങ്ങനെ രക്ഷപ്പെട്ടു എന്ന് ദൈവത്തിനേ അറിയൂവെന്ന് ത്രേസ്യാമ്മയും ഷീനയും ഓർക്കുന്നു. എല്ലാവരും മഞ്ഞ കുന്നത്ത് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.