കോഴിക്കോട്: കുട്ടികളുടെ ഹൃദയ ചികിത്സക്കായി ‘മാധ്യമം’ ഹെൽത്ത്കെയറും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സേവ് ദി ലിറ്റിൽ ഹാർട്ട്സ്’ ചികിത്സാ സഹായ പദ്ധതിയുടെ ലോഗോ പ്രകാശനം ആസ്റ്റർ മിംസ് ആശുപത്രിയിൽവെച്ചും പദ്ധതി പ്രഖ്യാപനം മാധ്യമം കോർപറേറ്റ് ഓഫിസിലും നടന്നു.
മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മാധ്യമം ഗ്ലോബൽ ഹെഡ് ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ്, ആസ്റ്റർ മിംസ് സി.ഒ.ഒ ലുഖ്മാൻ പൊൻമടത്ത്, ഡോ. രേണു കുറുപ്പ് (പീഡിയാട്രിക് കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഹെഡ്), ഡോ. ശബരീനാഥ് (പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ്) എന്നിവർ ചേർന്ന് പദ്ധതി സമർപ്പിച്ചു. സിജു ടി. കുര്യൻ (മാനേജർ ബിസിനസ് െഡവലപ്മെന്റ്, മിംസ്), കെ. ജുനൈസ് (കൺട്രി ഹെഡ് ബിസിനസ് സൊല്യൂഷൻസ്, മാധ്യമം), മുഹമ്മദ് ഹസ്സൻ (വളന്റിയർ ഹെഡ്, മിംസ്), ആനന്ദൻ നെല്ലിക്കോട്ട് ( ബിസിനസ് സൊലൂഷൻസ് മാനേജർ, മാധ്യമം), ടി.സി അബ്ദുൾ റഷീദ് ( റീജനൽ മാനജർ, മാധ്യമം) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുക എന്നതാണ് ‘സേവ് ദി ലിറ്റിൽ ഹാർട്ട്സ്’ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിലെ ഹൃദ്രോഗത്തെ നേരത്തേ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. നിർധന കുടുംബത്തിലെ കുട്ടികൾക്ക് ഹൃദ്രോഗ ചികിത്സയും ആവശ്യമെങ്കിൽ ശസ്ത്രക്രിയയും പൂർണമായും സൗജന്യമായി ഈ പദ്ധതിവഴി ചെയ്തുനൽകും. വിവിധ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനവും പദ്ധതിവഴി ഉറപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് 7510861000 എന്ന നമ്പറിൽ ബന്ധപ്പെടാം.
മാധ്യമം ഹെൽത്ത് കെയറും കോഴിക്കോട് ആസ്റ്റർ മിംസും ചേർന്ന് നടപ്പിലാക്കുന്ന ‘സേവ് ദ ലിറ്റിൽ ഹാർട്ട്സ്’ പ്രോഗ്രാമിന്റെ പ്രഖ്യാപനം മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മാധ്യമം ഗ്ലോബൽ ഹെഡ് ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ്, ആസ്റ്റർ മിംസ് സി.ഒ.ഒ ലുഖ്മാൻ പൊൻമടത്ത്, ഡോ.രേണു കുറുപ്പ് (പീഡിയാട്രിക് കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഹെഡ്, മിംസ്), ഡോ. ശബരീനാഥ് (പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ്, മിംസ്) എന്നിവർ ചേർന്ന് നിർവഹിക്കുന്നു. സിജു ടി. കുര്യൻ (മാനേജർ ബിസിനസ് ഡവലപ്മെന്റ്, മിംസ്), കെ. ജുനൈസ് (കൺട്രി ഹെഡ് ബിസിനസ് സൊല്യൂഷൻസ്, മാധ്യമം), മുഹമ്മദ് ഹസ്സൻ (വളണ്ടിയർ ഹെഡ് , മിംസ്), ആനന്ദൻ നെല്ലിക്കോട്ട് ( ബിസിനസ് സൊലൂഷൻസ് മാനേജർ, മാധ്യമം), ടി.സി. അബ്ദുൽ റഷീദ് (റീജനൽ മാനജർ, മാധ്യമം കോഴിക്കോട്) എന്നിവർ സമീപം
ആ കുഞ്ഞുഹൃദയങ്ങൾ പുഞ്ചിരിക്കട്ടെ...
ജന്മനാലുള്ള ഹൃദയവൈകല്യങ്ങൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കാലമാണ് ഇത്. എന്നാൽ അതിനുള്ള ചികിത്സാ മാർഗങ്ങൾ നമ്മുടെ നാട്ടിൽ വളരെ പരിമിതവും. മുതിർന്നവർക്ക് ഹൃദയചികിത്സക്ക് അനേകം സാധ്യതകൾ ഉണ്ടാകുമ്പോഴും കുട്ടികളുടെ ചികിത്സയിൽ നമ്മൾ പിറകിൽതന്നെ നിൽക്കുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ആസ്റ്റർ മിംസും മാധ്യമം ഹെൽത്ത് കെയറും ‘സേവ് ദി ലിറ്റിൽ ഹാർട്ട്സ്’ പദ്ധതിയിലൂടെ കൈകോർക്കുകയാണ്.
‘‘ഒരു കുഞ്ഞു ജനിക്കുന്ന സന്തോഷത്തിൽ മതിമറന്നിരിക്കുന്ന മാതാപിതാക്കൾ. അവരുടെ മടിയിലേക്ക് തൂവെള്ള പഞ്ഞിപ്പുതപ്പിൽ പൊതിഞ്ഞ ഒരു കുഞ്ഞുപൈതലിനെ നഴ്സ് പതിയേ കിടത്തുന്നു. ആ കുഞ്ഞിന്റെ പിഞ്ചു കൈവിരലുകൾ നമ്മെ പതിയേ തലോടും. കണ്ണുതുറന്ന് ആ കുഞ്ഞ് നമ്മെയൊന്നു നോക്കുമ്പോൾ അതാകും നമ്മളറിഞ്ഞ ഏറ്റവും സന്തോഷകരമായ നിമിഷം. പക്ഷേ അൽപസമയംകഴിഞ്ഞ് ഡോക്ടർ അടുത്തുവന്ന് പറയുന്നു, കുഞ്ഞിന്റെ ഹൃദയസംബന്ധമായ ചെറിയൊരു അസുഖമുണ്ടെന്ന്.
സന്തോഷത്തിൽ മതിമറന്നിരിക്കുന്ന നിമിഷം ആ വാർത്ത കേൾക്കുമ്പോൾ മനസ്സിലൂടെ കടന്നുപോകുന്ന വേദന എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. അത് അനുഭവിച്ചറിഞ്ഞതാണ് ഞാൻ.
പിന്നെയും കണ്ടു, പലരുടെയും ജീവിതങ്ങൾ. കൈയിൽ പണമില്ലാത്തതുകൊണ്ടുമാത്രം സ്വന്തം കുഞ്ഞിന്റെ ഹൃദയചികിത്സ സാധ്യമാക്കാനാവാതെ കരഞ്ഞുതീർക്കുന്നവർ. ഈ അവസ്ഥ ഒരിക്കലുമുണ്ടാകരുത് എന്ന ഉറപ്പിന്മേലാണ് ഇത്തരത്തിലൊരു ദൗത്യവുമായി ഞങ്ങളിറങ്ങുന്നത്. പണമില്ലാത്തതുകൊണ്ട് ഒരു കുഞ്ഞുപുഞ്ചിരിയും മാഞ്ഞുപോകരുത്, ആരും കണ്ണീരൊഴുക്കരുത്. ഈ പദ്ധതി സമൂഹത്തിലെ എല്ലാവരുടെയുംകൂടിയാണ്.
എല്ലാവരും ഒന്നിച്ച് ഉത്സാഹിച്ചാൽ ആ കുഞ്ഞു ഹൃദയങ്ങളെല്ലാം ഇനിയും പുഞ്ചിരിക്കും...’’ -ലുഖ്മാൻ പൊൻമടത്ത് (ആസ്റ്റർ മിംസ് സി.ഒ.ഒ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.