കോഴിക്കോട്: അപ്രതീക്ഷിതമായി വന്ന സ്ഥാനാർഥിത്വം, ചരിത്രനഗരമായ കോഴിക്കോടിെൻറ മേയറാവണമെന്ന പാർട്ടിതീരുമാനം... നിയോഗങ്ങളുടെ അമ്പരപ്പും കൗതുകവും ഇനിയും മാറിയിട്ടില്ല ഈ ടീച്ചർക്ക്. നിയുക്ത മേയർ ഡോ. ബീന ഫിലിപ്പിന് പാറോപ്പടി ഹൗസിങ്കോളനിയിലെ വീട്ടുകാര്യങ്ങൾവിട്ട് നാട്ടുകാര്യങ്ങളിലേക്ക് കടക്കാൻ ഇനി അധികദിവസമില്ല. വിശ്രമകാലത്തിെൻറ ആലസ്യത്തിലാണ് ഇപ്പോഴും ബീന ടീച്ചർ. മാധ്യമത്തിൽനിന്ന് റിപ്പോർട്ടറും ഫോട്ടോഗ്രാഫറും കാണാനെത്തിയപ്പോൾ ഭർത്താവ് വിക്ടർ ആൻറണി നൂണിെൻറ കമൻറ്... നിങ്ങളോട് വരാൻപറഞ്ഞ സമയം ടീച്ചർക്കോർമയില്ലെന്നു തോന്നുന്നു. ഇനിയെല്ലാം ഡയറിയിലെഴുതി അടുക്കും ചിട്ടയുമൊക്കെ ആക്കണം... അൽപം കഴിഞ്ഞപ്പോഴേക്കും ടീച്ചർ വസ്ത്രമൊക്കെ മാറി വന്നു.
പിതാവിെൻറ ഓർമയിൽനിന്ന് സംസാരം തുടങ്ങി. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ പാർട്ടിക്കുവേണ്ടി മാത്രം പ്രവർത്തിച്ച പിതാവ് എം.െജ. ഫിലിപ്പാണ് തെൻറ രാഷ്ട്രീയ ഗുരു. തൃശൂരിലെ കിഴക്കൻ മലയോര ഗ്രാമമായ വെള്ളിക്കുളങ്ങരക്കാരിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയെന്നത് ഒരു നിയോഗമായിരുന്നു. മേയറാവുക എന്നതും അങ്ങനെ കാണാനാണ് ആഗ്രഹം. അധ്യാപന ജോലിയിൽനിന്ന് വിരമിച്ച ശേഷം തെൻറ കർമകാലം അവസാനിച്ചുവെന്ന് കരുതിയതാണ്.
കുറേക്കാലം പുസ്തകമായിരുന്നു കൂട്ടുകാർ. ഇനി ടി.വി കണ്ട് അയൽപക്കക്കാരോട് കൊച്ചുവർത്തമാനവുമായി ജീവിക്കാം എന്നു കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണ് എം. രാധാകൃഷ്ണൻ വിളിച്ച് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായി പറയുന്നത്. ആ സമയം വാർഡ് ഏതാണെന്നു പോലും അറിയില്ലായിരുന്നു. അത്ഭുതം തോന്നി. എന്നാൽ, ജനങ്ങളെ സേവിക്കാനുള്ള അവസരം തട്ടിക്കളയാൻ തോന്നിയില്ല. കൗൺസിലറാകുേമ്പാൾ മുഴുവൻ സമയ പ്രവർത്തനവും വേണ്ടിവരുമെന്ന് അറിയാമായിരുന്നു. എന്നാൽ, മേയറാക്കുമെന്ന് ഒരിക്കലും കരുതിയില്ല.
പത്രവാർത്തയിലൂടെയാണ് മേയർസ്ഥാനത്തേക്ക് തന്നെയാണ് നിർദേശിച്ചതെന്ന് അറിഞ്ഞത്. നല്ല മിടുക്കരായ സഹപ്രവർത്തകരാണ് കൂടെയുള്ളത് എന്നതിനാൽ ആശങ്കയിെല്ലന്ന് ടീച്ചർ. വാർഡിലൂടെ യാത്രചെയ്തതിലൂടെ മനസ്സിലായത് അടിസ്ഥാന സൗകര്യങ്ങൾ എല്ലായിടത്തും ആയിക്കഴിഞ്ഞുവെന്നാണ്. ഇനി വേണ്ടത് ഗുണനിലവാരമുള്ള ജീവിതമാണ്. അതിന് ശുദ്ധ വായു, ശുദ്ധജലം എന്നിവ വേണം. പിന്നീട് ആവശ്യം ഓരോരുത്തർക്കും സ്വാതന്ത്ര്യമാണ്. സ്വയംപ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം.
ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങളുണ്ട്. എന്നാൽ, 60 വയസ്സിന് മുകളിലുള്ളവർക്ക് അതിന് അവസരങ്ങൾ കുറവാണ്. അതിനായി സ്ത്രീകളുടെ കൂട്ടായ്മ രൂപവത്കരിക്കണം. വരുമാനം എന്നതല്ല, കഴിവു പ്രകടിപ്പിക്കാനുള്ള അവസരം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ രോഗം അലട്ടുന്നവരുടെ കൂട്ടായ്മകൾ രൂപവത്കരിച്ചാൽ അവർക്ക് പരസ്പരം സാന്ത്വനമേകാനാകും. അതുപോലെ യുവാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മകളുണ്ടാക്കുക. കുടുംബത്തിൽനിന്ന് സ്ത്രീകളെ സമൂഹത്തിലേക്ക് വികസിപ്പിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. നഗരത്തിെല പ്രധാന ബസ്സ്റ്റാൻഡുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കായി വിശ്രമ കേന്ദ്രവും പാഡ് വെൻറിങ്മെഷീനുകളും ഉൾപ്പെടെയുള്ള ഇടം ഒരുക്കുക, യുവാക്കൾക്കായി പാർക്കുകളും കളിസ്ഥലങ്ങളും ഒരുക്കുക എന്നിവയാണ് സ്വപ്നം.
പൊറ്റമ്മൽ കളിസ്ഥലം കുറേക്കാലമായുള്ള ആവശ്യമാണ്. നിലവിൽ കോർപറേഷനുതന്നെ സ്ഥലത്തിെൻറ അവകാശം സ്ഥാപിച്ച് കിട്ടിയിട്ടുണ്ട്. അത് ഇനി കളിസ്ഥലമാക്കി മാറ്റണം. കൂടാതെ സർക്കാറിെൻറതായി ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങെളല്ലാം ബെഞ്ചുകളും ചെടികളും നടപ്പാതകളുമൊരുക്കി പാർക്കാക്കി മാറ്റുക തുടങ്ങിയവയെല്ലാമാണ് മനസ്സിലുള്ളത്. എല്ലാവരുടെയും സഹകരണത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും നിയുക്ത മേയർ പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.