കോഴിക്കോട്: ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള പ്ലാന്റിന് സ്ഥലമൊരുക്കാനും മറ്റും നൽകിയ കരാറിനെച്ചൊല്ലി മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ വീണ്ടും ചുടേറിയ ചർച്ചയും വാഗ്വാദവും. യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങളുടെ വാദപ്രതിവാദങ്ങൾക്കൊടുവിൽ സോണ്ട കമ്പനിയിൽനിന്ന് 21,50,551 രൂപ ഈടാക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു.
കമ്പനി യഥാസമയം നടപടികളെടുക്കാത്തതിനാൽ ഞെളിയൻപറമ്പിൽനിന്നുള്ള മലിനജലം ഒഴുകുന്നത് തടയാൻ കോർപറേഷൻ നിർബന്ധിതമായി എടുത്ത നടപടികളുടെ ചെലവാണ് സോണ്ട കമ്പനിയിൽനിന്ന് ഇൗടാക്കുക. മലിനജലം തടയാൻ അടിയന്തര നടപടിയെടുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോർപറേഷന് ഞെളിയൻപറമ്പിൽ ടാർപോളിൻ ഷീറ്റ് വിരിക്കുന്നതിനും മറ്റും ചെലവായ തുകയാണ് സോണ്ട കമ്പനിയിൽനിന്ന് ഈടാക്കാൻ തീരുമാനിച്ചത്. കരാർപ്രകാരം യഥാസമയം ബയോമൈനിങ് പ്രവൃത്തി പൂർത്തിയാക്കാത്തതിനാലാണ് കോർപറേഷന് ഷീറ്റിടാനും മറ്റും മറ്റൊരു എജൻസിയെ ഏൽപിക്കേണ്ടിവന്നതെന്ന് കണ്ടെത്തിയാണ് നടപടി.
സോണ്ട കമ്പനിക്കുവേണ്ടി വാദിച്ചിരുന്ന കോർപറേഷൻ ഭരണക്കാരുടെ നിലപാട് തെറ്റെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നെന്ന് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ വാദിച്ചു.
എന്നാൽ, കരാർ പൂർത്തിയാവാത്ത കമ്പനിയോട് തങ്ങൾക്കാണ് ഏറ്റവും വിരോധമെന്നും ബയോമൈനിങ് പ്രവൃത്തി പൂർത്തിയാക്കാൻ കമ്പനിക്ക് സാവകാശം നൽകിയില്ലായിരുന്നെങ്കിൽ ഞെളിയൻപറമ്പിൽ മാലിന്യമൊഴുകി പുറത്തിറങ്ങി നടക്കാനാവാത്ത സ്ഥിതി വരുമായിരുന്നെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, പി.സി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണകക്ഷിയും വാദിച്ചു. യു.ഡി.എഫിന്റെ വിയോജിപ്പോടെയാണ് സോണ്ടയിൽനിന്ന് പണം പിടിക്കാനുള്ള അജണ്ട കൗൺസിൽ അംഗീകരിച്ചത്.
മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടവും സ്ഥലവും അടിയന്തരമായി സർക്കാർ ഏറ്റെടുക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള എസ്.കെ. അബൂബക്കറിന്റെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. കള്ളന്മാരുടെയും അസാന്മാർഗിക പ്രവർത്തകരുടെയും താവളമായ കോംട്രസ്റ്റ് കെട്ടിടം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഭൂമാഫിയക്ക് കോർപറേഷൻ കൂട്ടുനിൽക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
എന്നാൽ, സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാറിനോ കോർപറേഷനോ എതിർപ്പില്ലെന്നും നിയമസഭയിൽ ഐകകണ്ഠമായെടുത്ത സ്ഥലമേറ്റെടുക്കൽ തീരുമാനത്തിനെതിരെ ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ചതാണ് തടസ്സമെന്നും ഭരണപക്ഷവും പറഞ്ഞു. കോടതിയിൽ കാര്യമായി ഇടപെടൽ നടക്കുന്നില്ലെന്നും യോജിച്ച സമരത്തിന് കോർപറേഷൻ തയാറാകണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
വിലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ കൗൺസിൽ അനുമതി നൽകി. മാവൂർ റോഡ് മൊഫ്യൂസിൽ സ്റ്റാൻഡിന്റെ നവീകരണത്തിന് വിശദ പദ്ധതി റിപ്പോർട്ട് തയാറായതായും സർക്കാർ അനുമതി ഉടൻ ലഭിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു.
സ്റ്റാൻഡിന്റെ ശോച്യാവസ്ഥയിൽ ടി. റനീഷാണ് ശ്രദ്ധ ക്ഷണിച്ചത്. നഗരത്തിൽ പാർക്കിങ് പ്ലാസകൾ യാഥാർഥ്യമാവാത്ത കാര്യത്തിൽ കെ.സി. ശോഭിത ശ്രദ്ധ ക്ഷണിച്ചു. ഒക്ടോബറിൽ മാനാഞ്ചിറ പാർക്കിങ് സമുച്ചയം തറക്കല്ലിടൽ നടത്താനാവുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.
കാലിക്കറ്റ് ട്രേഡിങ് സെന്ററിന്റെ നിയമലംഘനത്തിനെതിരെ സരിത പറയേരിയും മാവൂർ റോഡിലെ ബസ്ബേയിൽ ബസുകൾ കയറാത്തതിൽ എം.സി. അനിൽ കുമാറും ശ്രദ്ധ ക്ഷണിച്ചു. ബസ് ബേയിലും ഓട്ടോബേയിലും ബസും ഓട്ടോയും കയറാത്തത് പൊലീസ് ശ്രദ്ധയിലെത്തിക്കാൻ കൗൺസിൽ തീരുമാനിച്ചു.
നഗരത്തിൽ താൽക്കാലികമായും മറ്റും അനധികൃത കെട്ടിടങ്ങൾ പണിത് കോർപറേഷന് ലഭ്യമാക്കേണ്ട നികുതി നൽകാത്തവർക്കെതിരെ നടപടി വേണമെന്ന് കെ. മൊയ്തീൻ കോയ ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടു. ഡോ. എസ്. ജയശ്രീ, ടി. മുരളീധരൻ, ടി.കെ. ചന്ദ്രൻ, കവിത അരുൺ, വി.പി. മനോജ് എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.