കോഴിക്കോട്: സത്യത്തിന്റെ തുറമുഖം, സാഹിത്യ നഗരം എന്നെല്ലാം പെരുമയുള്ള കോഴിക്കോട് സ്ത്രീകളുടെ സുരക്ഷയിൽ അനുദിനം പിന്നോട്ട്. രാപ്പകൽ വ്യത്യാസമില്ലാതെ നഗരത്തിലെ ആളൊഴിഞ്ഞ വഴികളിൽ സ്ത്രീകളും പെൺകുട്ടികളും വിവിധ തരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്കിരയാവുന്നത് കൂടുകയാണ്.
മൊഫ്യൂസിൽ, പാളയം ബസ് സ്റ്റാൻഡുകളും സ്ത്രീകൾക്ക് സുരക്ഷിത ഇടമല്ല. സന്ധ്യമയങ്ങുന്നതോടെ ഇവിടെ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധർ യാത്രക്കാരായ സ്ത്രീകളോട് ലൈംഗികചേഷ്ടകൾ കാണിച്ച് ദ്വയാർഥ പ്രയോഗങ്ങൾ നടത്തുന്നത് പതിവാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും രാത്രിയാവുന്നതോടെ മദ്യപരുടെ വിഹാരകേന്ദ്രമാണ്. വ്യാപക പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് നേരത്തെ ഇത്തരക്കാരെ ഒഴിപ്പിച്ചിരുന്നെങ്കിലും ഇക്കൂട്ടർ വീണ്ടും ഇവിടെ ‘പൊറുതി തുടങ്ങിയിട്ടുണ്ട്’.
യു.കെ.എസ് റോഡ്, മാവൂർ റോഡിൽനിന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രം ഭാഗത്തേക്കുള്ള വഴി, പാവമണി റോഡിൽനിന്ന് പാളയത്തേക്കുള്ള വഴി, മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് എന്നിവിടങ്ങളും സാമൂഹിക ദ്രോഹികളുടെ കേന്ദ്രങ്ങളാണ്. ട്രാൻസ്ജെൻഡർ കൊല, യാത്രക്കാരിയായ യുവതിയെ കടന്നുപിടിക്കൽ, മദ്യലഹരിയിലെ കത്തിക്കുത്ത്, കാൽനടക്കാരിയുടെ സ്വർണമാല പിടിച്ചുപറിക്കൽ തുടങ്ങിയ കേസുകളുണ്ടായ പ്രദേശമാണിത്. ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റും സി.സി.ടി.വി കാമറകളും ഇല്ലാത്തതും അക്രമികൾക്ക് തുണയാവുന്നു.
കോഴിക്കോട്: സ്ത്രീസുരക്ഷക്ക് തുടരെ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന് വലിയ പ്രചാരം നൽകുകയുമല്ലാതെ അവ മോണിറ്റർ ചെയ്യാൻ സംവിധാനങ്ങളില്ലാത്തതും ഉത്തരവാദപ്പെട്ടവർ പലപ്പോഴും ‘ഉറക്കം’ നടിക്കുന്നതുമാണ് സ്ത്രീസുരക്ഷ ജലരേഖയാവാൻ കാരണം. നേരത്തെ മഫ്തി പൊലീസ് സേന സ്ത്രീസുരക്ഷക്കായി രംഗത്തുണ്ടായിരുന്നു. മാത്രമല്ല, നഗരത്തിലെ ഒട്ടുമിക്ക വഴികളിലൂടെയും രാത്രി പൊലീസ് പട്രോളിങ് വാഹനം കടന്നുപോയിരുന്നു. സേവനത്തിന് വിളിപ്പുറത്ത് പിങ്ക് പൊലീസുമുണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം ഇന്ന് പേരിലൊതുങ്ങി. പൊലീസ് പട്രോളിങ് വാഹനം പലപ്പോഴും മെയിൻ റോഡിൽ നിർത്തിയിടുന്നതാണ് കാഴ്ച.
ഭയത്തോടെ സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും യാത്ര
കോഴിക്കോട്: ട്രാൻസ്ജെൻഡറുകളെ തേടിവരുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്ത്രീകൾക്ക് രാത്രി യു.കെ.എസ് റോഡിൽ വഴിനടക്കാൻ കഴിയാത്ത അവസ്ഥ. രാത്രി എട്ടോടെ ഈ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ട്രാൻസ്ജെൻഡറുകളെത്തി ഇടപാടുകാരെ കാത്തുനിൽക്കും. ഇതോടെ കാറിലും ഓട്ടോയിലും ബൈക്കിലും ഇവരെ കൂട്ടിക്കൊണ്ടുപോകാനായി നിരവധി പേർ ഇങ്ങോട്ടെത്തും. ഇങ്ങനെ വരുന്നവർ വഴിയാത്രക്കാരായ സ്ത്രീകളോടും ലൈംഗികാതിക്രമം കാട്ടുകയാണ്. പോരുന്നോ, കാശുതരാം എന്നെല്ലാം പറയുകയും ശരീരത്തെ അശ്ലീലമായി വർണിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ഇങ്ങനെ അപമാനിതയായ ഒരു സ്ത്രീ നേരത്തെ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണക്ക് നൽകിയ പരാതിയിൽ തുടർനടപടിയുണ്ടായിട്ടില്ല. നടക്കാവ് സ്റ്റേഷൻ പരിധിയിലുള്ള ഈ ഭാഗത്ത് രാത്രി പൊലീസ് പട്രോളിങ് വാഹനങ്ങൾ എത്തുന്നതും അപൂർവമാണ്. അടുത്ത കാലത്തായി ഹോസ്റ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചതിനാൽ രാത്രി വൈകിയും ഇതുവഴി കടന്നുപോകുന്ന സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും എണ്ണം കൂടിയിട്ടുണ്ട്. ജീവൻ പണയംവെച്ചാണ് ഇവരെല്ലാം നടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.