ഒന്നാം ക്ലാസിലേക്ക് ആരുമെത്താതെ കോട്ടൂളി ജി.എൽ.പി

കോഴിക്കോട്: അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നഗരത്തിലെ പൊതുവിദ്യാലയത്തിന്റെ ദുരിതകഥക്ക് പുതിയ അധ്യയനവർഷത്തിലും മാറ്റമില്ല. ഒന്നാംക്ലാസിൽ ഒരുകുട്ടി പോലും ചേർന്നില്ല. മികച്ച ഭൗതിക സൗകര്യങ്ങളുള്ള കോട്ടൂളി ജി.എൽ.പി സ്കൂളിൽ ഇത്തവണ സ്ഥിരം അധ്യാപകർ പോലുമില്ല. സ്കൂളിന്റെ മാനംകാക്കാൻ അങ്ങകലെ അസമിൽനിന്നുള്ള രണ്ട് മിടുക്കികളുണ്ട്. ഇവരടക്കം മൂന്നുപേർ മാത്രമാണ് വിദ്യാർഥികൾ. ഫിദുസിയ ബീഗവും അനിയത്തി അഞ്ജുമ ബീഗവുമാണ് അസമുകാർ. കഴിഞ്ഞ ദിവസം വിരമിച്ച പ്രധാനാധ്യാപകൻ ഇ. ഹംസയുടെ മകൾ മറിയം ഫാത്തിമ റഹ്മയും കൂടി ചേർന്നാൽ സ്കൂൾ ഹാജർപട്ടിക പൂർത്തിയാകും. ചൊവ്വാഴ്ച വിരമിച്ചെങ്കിലും ഹംസ മാഷ് കുറച്ചുദിവസംകൂടി സ്കൂളിലെത്തും. പഠിപ്പിക്കാൻ ആരുമില്ലെന്നറിഞ്ഞ വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഒരു അധ്യാപികയെ നിയോഗിച്ചിട്ടുണ്ട്.

മറിയവും അഞ്ജുമയും മൂന്നിലും അഞ്ജുമയുടെ അനിയത്തി ഫിദുസിയ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. പ്രവേശനോത്സവ ദിനത്തിൽ എല്ലാവരും ഒരുമിച്ച് ഒരുക്ലാസിലാണ് ഇരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഒരു കുട്ടി നാലാം ക്ലാസിൽനിന്ന് ജയിച്ച് മറ്റൊരിടത്തേക്ക് പോയി. മൂന്നാം ക്ലാസിലുണ്ടായിരുന്ന രണ്ടുപേരും ടി.സി വാങ്ങിപ്പോയതായി ഹംസ മാഷ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യയാണ് പി.ടി.എ പ്രസിഡന്റ്. 20 കിലോമീറ്ററിലേറെ ദൂരമുള്ള നരിക്കുനിയാണ് ഇദ്ദേഹത്തിന്റെ വീട്. ഇത്രയും ദൂരെനിന്ന് മകൾ മറിയത്തെ സ്കൂളിലേക്ക് എത്തിക്കുന്നത് ഹംസ മാഷിന് ഏറെ ബുദ്ധിമുട്ടാണ്. മറിയംകൂടി സ്കൂൾ വിട്ടാൽ രണ്ട് അന്തർസംസ്ഥാന കുട്ടികൾ മാത്രമേ ഇവിടെയുണ്ടാകൂ.

മികച്ച കെട്ടിടവും വിശാലമായ കളിമുറ്റവുമടക്കമുള്ള സ്കൂളിനെ നാട്ടുകാരും അവഗണിക്കുകയാണ്. പ്രവേശനോത്സവത്തിന് കോർപറേഷൻ കൗൺസിലറടക്കം എത്തിയിരുന്നു. ഒരുകൂട്ടം മാധ്യമപ്രവർത്തകർ ബാഗും നോട്ട് പുസ്തകങ്ങളും സമ്മാനമായി നൽകി. അതേസമയം, സ്കൂളിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ അധികൃതർക്ക് താൽപര്യമില്ലെന്ന് വ്യക്തമാണ്. ഫിദുസിയയുടെയും അഞ്ജുമയുടെയും മാതാപിതാക്കൾക്കുള്ള ആത്മാർഥതപോലും വിദ്യാഭ്യാസ വകുപ്പിനും കോർപറേഷനുമില്ല. പ്രധാനാധ്യാപകൻ വിരമിക്കുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും പകരം ആളെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകാത്തത് ദൂരൂഹമാണ്. സ്കൂളിനോട് ചേർന്ന അംഗൻവാടിയിൽ നിറയെ കുട്ടികളുണ്ട്. ഇവിടെനിന്ന് സ്കൂളിലേക്ക് ചേർക്കാൻ രക്ഷിതാക്കൾ തയാറാകുന്നില്ല. അധ്യാപകരില്ലാത്ത സ്കൂളിൽ എന്തിനാണ് പഠിപ്പിക്കാൻ വിടുന്നതെന്നാണ് അവരുടെ ചോദ്യം. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാൽ കൂടുതൽ വിദ്യാർഥികൾ ഇവിടെയെത്തുമെന്നുറപ്പാണ്. പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും മറ്റും പ്രയത്നിച്ചാൽ വിദ്യാലയത്തെ മാറ്റിയെടുക്കാമെങ്കിലും അത്തരം ശ്രമങ്ങൾക്ക് ഇതുവരെ തുടക്കമായിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.