മാവൂർ: ചെറൂപ്പ ആശുപത്രിയോടുള്ള അധികാരികളുടെ അനാസ്ഥക്കെതിരെ സർവകക്ഷി സമരസമിതി നടത്തുന്ന ഉപരോധസമരം തുടരാൻ തീരുമാനം. ആശുപത്രി ഭരണസമിതി ഓഫിസിനു മുന്നിൽ നടക്കുന്ന ഉപരോധസമരം നാലുദിവസം പിന്നിട്ടു. ഒ.പി സമയം വൈകീട്ട് ആറുവരെ നീട്ടുമെന്ന് അഡീഷനൽ ഡി.എം.ഒ അറിയിച്ചെങ്കിലും ആശുപത്രി 24 മണിക്കൂർ പ്രവർത്തിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് സമരം തുടരാൻ തീരുമാനിച്ചത്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ ചുമതല വഹിക്കുന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിലേക്ക് തിങ്കളാഴ്ച രാവിലെ സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. വെള്ളിയാഴ്ച വിളിച്ചുചേർത്ത സമരസായാഹ്നത്തിലാണ് തീരുമാനം.
അഡീഷനൽ ഡി.എം.ഒ ഡോ. എ.പി. ദിനേശ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. ഒരു ഡോക്ടറെ കൂടി നിയമിക്കുകയും തിങ്കളാഴ്ച മുതൽ വൈകീട്ട് ആറുവരെ ആശുപത്രി പ്രവർത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചർച്ചയിൽ അറിയിച്ചു. എന്നാൽ, നേരത്തെ ഉള്ളതുപോലെ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുകയും കാഷ്വാലിറ്റിയും കിടത്തിച്ചികിത്സയും പുനരാരംഭിക്കുകയും ചെയ്യണമെന്ന ആവശ്യത്തിൽ തീരുമാനമാകാത്തതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു.
ആഴ്ചകൾക്കുമുമ്പു വരെ 24 മണിക്കൂർ ആശുപത്രി പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിനു ശേഷമാണ് ഇവ മുടങ്ങിയത്. ഉപരോധസമരത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അഭിവാദ്യമർപ്പിക്കാൻ എത്തി. ജനപ്രതിനിധികൾ അടക്കമുള്ള ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് ഉപരോധസമരം തുടങ്ങിയത്. തുടർന്ന്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉപരോധ സമരത്തിൽ പങ്കാളികളാവുകയായിരുന്നു.
വൈകുന്നേരം നടന്ന സമരസായാഹ്നത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.