പാലേരി: നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ വൃദ്ധ ദമ്പതികളുടെ ഏഴു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കവർന്ന മോഷ്ടാവിനെ തന്ത്രപൂർവം വലയിലാക്കിയത് മലയാളി ആർ.പി.എഫ് ഉദ്യോഗസ്ഥൻ പാലേരിയിലെ വി.വി. ശ്രീകാന്ത്. ബുധനാഴ്ച രാത്രി മംഗളൂരുവിനു സമീപം തൊക്കൂർ സ്റ്റേഷനിലാണ് സംഭവം.
ബാഗുമായി ഈ സ്റ്റേഷനിൽ ഇറങ്ങിയ മോഷ്ടാവ് സ്റ്റേഷനിൽ സിഗ്നൽ ക്ലിയറിന് വേണ്ടി നിർത്തിയിട്ടിരുന്ന തിരുനെൽവേലി ദാദർ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി സ്റ്റേഷനിൽ പരിശോധന നടത്തിയ ശ്രീകാന്ത് ഉഡുപ്പി സ്റ്റേഷനിൽ സിഗ്നൽ ക്ലിയറിന് വേണ്ടി കാത്തിരുന്ന തിരുനെൽവേലി ദാദർ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന വ്യക്തി സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ പുകവലിക്കുന്നത് കണ്ടു. ഇയാളുടെ അരികിൽ ചെന്നപ്പോൾ തന്നെ കാലിലും ചെരിപ്പിലും പറ്റിപ്പിടിച്ചിരുന്ന ചളി ശ്രദ്ധയിൽപ്പെട്ടിരുന്നു.
സംശയം തോന്നിയ ശ്രീകാന്ത് സിഗരറ്റ് വലിച്ചതിന് ഫൈൻ അടക്കണം എന്ന വ്യാജേന ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി വന്നു ഡ്യൂട്ടിയിലുളള മറ്റ് രണ്ട് റെയിൽവേ ഉദ്യോഗസ്ഥരെയും കൂട്ടി ദേഹ പരിശോധന നടത്തിയപ്പോൾ വൃദ്ധദമ്പതികളുടെ മോഷണം പോയ ആഭരണങ്ങൾ ഇയാൾ കഴുത്തിൽ അണിഞ്ഞ് ഒരു ഷാൾ കൊണ്ട് മറച്ചുവച്ചിരുന്നു.
ബാഗും കുറച്ച് ആഭരണങ്ങളും മുക്ക് പണ്ടമാണെന്ന് ധരിച്ച് തൊക്കൂർ സ്റ്റേഷൻ ഔട്ടറിൽ ഉപേക്ഷിച്ചിരുന്നു. മുംബൈ ബാദ്രയിൽ താമസിക്കുന്ന ഷൊർണൂർ സ്വദേശികളായ ദമ്പതികളുടേതാണ് ആഭരണങ്ങളും പണവും. നാട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
മോഷണം ഭയന്ന് ദേഹത്ത് അണിഞ്ഞ ആഭരണങ്ങൾ ഉൾപ്പെടെ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ദമ്പതികൾ. സേനക്കും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീകാന്ത്. പാലേരി വഞ്ചി വയലിൽ പരേതനായ ശ്രീധര കുറുപ്പിന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ശ്രീകാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.