പാലേരി: ദീർഘായുസ്സുള്ള ഈന്തുകളെയും ഒടുവിൽ കീടങ്ങൾ കീഴടക്കി. നാളിതുവരെ യാതൊരു രോഗവും ബാധിക്കാത്ത ഈ പൗരാണിക സസ്യം ഉണങ്ങി നശിക്കുന്നത് വ്യാപകമായി.
ശൽക്ക കീടങ്ങളാണ് ഇവയെ ബാധിക്കുന്നതെന്ന് സസ്യശാസ്ത്ര അധ്യാപകർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. കായ്കൾ മൂപ്പെത്തും മുമ്പെ കൊഴിഞ്ഞു വീഴുന്നതാണ് ലക്ഷണം. ഓലകളുടെ എണ്ണവും കുറയും. അടുത്ത തവണ ഉൽപാദനം തീരെ കുറയുന്നു. ഓലകൾക്ക് ഉണക്കം ബാധിച്ച് അവസാനം തടിയും നശിക്കുന്നു.
സസ്യജാലങ്ങളിൽ കൂട്ടവംശ നാശങ്ങളെ നേരിട്ടപ്പോൾ ഈന്തുകൾ അതിജീവിച്ചിരുന്നു. കീടബാധയെക്കുറിച്ച് കൃഷി വകുപ്പിന് നിർദേശങ്ങളൊന്നുമില്ലെന്ന് കർഷകർ പറയുന്നു. വടകര താലൂക്കിലും കണ്ണൂർ ജില്ലയിലും നൂറുക്കണക്കിൽ ഈന്തുകൾ രോഗം വന്ന് നശിച്ചിരുന്നു. ഇപ്പോൾ കൊയിലാണ്ടി താലൂക്കിലും രോഗം വ്യാപിക്കുന്നു. ചിലയിടങ്ങളിൽ വേനലിൽ ഉണങ്ങുന്ന ഈന്തുകളിൽ മഴക്കാലത്ത് പുതിയ ഇലകൾ വരുമെങ്കിലും അവയും ഉണങ്ങിപ്പോകുന്ന സ്ഥിതിയാണ്. വെളുത്ത പൊടിപോലുള്ള വസ്തു തടി മുഴുവൻ പുരണ്ടതും കാണാം. പിന്നീട് ചീഞ്ഞുപോകുന്നു. രോഗം ബാധിച്ച ഇലകൾ വെട്ടിമാറ്റി ഇമിട, വെട്ടിസെല്ലി പോലുള്ള കീടനാശിനികൾ തളിച്ചാൽ രോഗം ഭേദമാവുന്നൊണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.