പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രണ്ട് ക്ലാസ് ലീഡർമാരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. യു.പി ക്ലാസിലെ ലീഡർമാരായി വിജയിച്ച ഫെബിൻ, മുഹമ്മദ് എന്നിവരെയാണ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയതെന്നാണ് പരാതി. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണിക്കൂറുകളോളം ഭക്ഷണം പോലും നൽകാതെ കുട്ടികളെ തടഞ്ഞുവെച്ചതായി പറയുന്നു. സ്കൂൾ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ നിരന്തരം സമ്മർദം ചെലുത്തിയതായും പറയുന്നു. ഇരുവരും വഴങ്ങാതെ വന്നതോടെ പിന്നീട് സ്കൂൾ പരിസരത്ത് ഇറക്കി വിടുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും പരാതി നൽകി.
വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയ വിഷയത്തിൽ സ്കൂൾ അധികാരികളും പൊലീസും കർശന നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആനേരി നസീർ, ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, ചങ്ങരോത്ത് പഞ്ചായത്ത് എം.എം.എഫ് പ്രസിഡന്റ് മിഖ്താദ് പുറവൂർ ജനറൽ സെക്രട്ടറി നിസാം പന്തിരി എന്നിവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.