പാലേരി: കടിയങ്ങാട് ടൗണിലെ നാലു കടകളിൽ വെള്ളിയാഴ്ച പുലർച്ച മോഷണം നടന്നു. സമീപത്തായി പ്രവർത്തിക്കുന്ന കടകളിലാണ് കവർച്ച നടന്നത്. മൂശാരികണ്ടി സലീമിന്റെ മലഞ്ചരക്ക് കട, മുഹമ്മദ് അസ്ലമിന്റെ ഓൺലൈൻ സർവിസ് സെന്റർ, റസാഖിന്റെ വില്ലേജ് ബേക്കറി, എ.കെ. മൂസ മൗലവിയുടെ മുറുക്കാൻ കട എന്നിവയാണ് കവർച്ചക്കിരയായത്.
സലീമിന്റെ കടയിൽനിന്ന് കൊട്ടയിൽ സൂക്ഷിച്ച പഴയ അടക്ക എടുത്ത് കൊണ്ടുപോയി. മേശവലിപ്പിൽ സൂക്ഷിച്ച ചില്ലറ ഉൾപ്പെടെ രണ്ടായിരത്തോളം രൂപയും നഷ്ടമായി. ഓൺലൈൻ സെന്ററിൽനിന്ന് 18,000 രൂപ മോഷ്ടിക്കുകയും മേശവലിപ്പും ഫയലുകളും മറ്റും അലങ്കോലമാക്കുകയും ചെയ്തു. ബേക്കറിയിൽ സൂക്ഷിച്ചിരുന്ന രണ്ടായിരത്തോളം രൂപയുടെ ചില്ലറയും മോഷ്ടിച്ചു.
മൂസ മൗലവിയുടെ കടയുടെ ലോക്ക് കേടുവരുത്തിയെങ്കിലും അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. കടയുടമകളുടെ പരാതി പ്രകാരം പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷം ഇതേ സ്ഥലത്തും പരിസരത്തെ മറ്റു കടകളിലും കവർച്ചശ്രമവും തീവെപ്പും നടത്തുകയും വരാന്തയിൽ സ്ഥാപിച്ച ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ചെയ്ത പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളെ ഉടൻ പിടികൂടണമെന്ന് കടയുടമകളും നാട്ടുകാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.