നാദാപുരം: ജീവൻ നിലനിർത്താൻ രാത്രിയിൽ ഉറക്കമൊഴിച്ച് കോളനിവാസികൾ. കൺമുന്നിൽ കാട്ടാനകളുടെ പരാക്രമവും ചിന്നംവിളിയും കൃഷിനാശവും കണ്ടുമടുത്ത ഇവർ ആനശല്യത്തിൽ നിന്നും ശാശ്വത പരിഹാരം തേടുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതിർത്തി പങ്കിടുന്ന മലമുകളിലെ രണ്ടു കോളനികളാണ് പന്ന്യേരിയും പറക്കാടും. പന്ന്യേരി കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിലും പറക്കാട് കണ്ണൂർ കോളയാട് പഞ്ചായത്തിലെ 13ാം വാർഡിലും ഉൾപ്പെടുന്നു. മലമുകളിൽനിന്ന് താഴേക്കൊഴുകുന്ന നീർച്ചാലാണ് രണ്ടു ജില്ലകളെയും വേർതിരിക്കുന്നത്.
അധികാരികളുടെ അവഗണനമൂലം രണ്ട് കോളനികളിലും ജനജീവിതം ദുരിതപൂർണമാണ്. കാട്ടാന ശല്യമാണ് ഇവിടത്തുകാർ അനുഭവിക്കുന്ന ഏറ്റവും വലിയ ഭീഷണി. കണ്ണവം ഫോറസ്റ്റിനോടു ചേർന്നുകിടക്കുന്ന ഇവിടം കാട്ടാനകളുടെ താവളമായി മാറിയതായി വനവാസികൾ പറയുന്നു. ഒരു മാസത്തിലധികമായി ഇവരുടെ വീടിനോടുചേർന്ന കാട്ടിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. കൃഷിയിടത്തിലേക്കിറങ്ങുന്ന ആനകളെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന് പടക്കം പൊട്ടിച്ചും മറ്റും തുരത്തുകയാണ് പതിവെന്ന് താമസക്കാർ പറഞ്ഞു.
പകൽ സമയത്തും കേൾക്കാവുന്ന ആനകളുടെ ചിന്നംവിളി ഇവിടത്തുകാരെ ഭയപ്പെടുത്തുകയാണ്. പറക്കാടുനിന്നും പതിനഞ്ച് കിലോമീറ്റർ വനത്തിലൂടെ നടന്നുചെന്നാലെത്തുന്നത് ചെമ്പുക്കാവ് എന്ന സ്ഥലത്താണ്. പറക്കാട് പ്രദേശത്തുള്ളവരുടെ റേഷൻകട ഇവിടെയാണ്. ആനശല്യം കാരണം ഇതുവഴിയുള്ള യാത്ര ഇവർ ഉപേക്ഷിച്ചിരിക്കുകയാണ്. പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള വിലങ്ങാട് ടൗണിനെയാണ് ഇപ്പോൾ ഇരു കോളനിക്കാരും ആശ്രയിക്കുന്നത്. ഒരു യാത്രക്ക് ജീപ്പുകൂലി മാത്രം 900 രൂപ മുടക്കണം. കൂലിപ്പണിയെടുത്ത് കഴിയുന്ന ഇവർക്ക് പുറംലോകത്തേക്കുള്ള യാത്ര ഏറെ ചെലവേറിയതാണ്. കാട്ടിൽ നിന്നുള്ള വിറക് ശേഖരണം, വിദ്യാർഥികളുടെ സഞ്ചാരം എല്ലാം ഭയപ്പാടോടെ നടത്തേണ്ട സ്ഥിതിയാണ്. ആനശല്യത്തിന് പരിഹാരം കാണാൻ നിരവധി തവണ അധികാരികളെ കണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ ഇതുവരെ തയാറായിട്ടില്ലെന്ന് ജനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.