പന്തീരാങ്കാവ്: 15 വർഷത്തോളമായി നാടൊരുമിച്ച ജനകീയത്തിന് ബസ് സർവിസ്. യാത്രാദുരിതത്തിന് നാട്ടുകാർ തന്നെ കണ്ടെത്തിയ ‘ജനകീയ’ത്തിന്റെ പതിനഞ്ചാം വർഷത്തിലാണ് മിനി ബസ് സർവിസ് തുടങ്ങിയത്. പെരുമണ്ണ പഞ്ചായത്തിലെ മുണ്ടയിൽ, പുറ്റേക്കടവ് ഭാഗങ്ങളിലുള്ളവർക്ക് മറ്റു സ്ഥലങ്ങളിലേക്കുമെത്താൻ ഏറെ പ്രയാസമായതോടെയാണ് 2009ൽ ജനകീയം ജീപ്പ് സർവിസ് തുടങ്ങിയത്. ഇടക്ക് സ്വകാര്യ മിനി ബസ് മെഡിക്കൽ കോളജ് റൂട്ടിൽ സർവിസ് തുടങ്ങിയെങ്കിലും ഏറെ വൈകാതെ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് മിനി വാൻ വാങ്ങിയാണ് നാട്ടുകാരുടെ യാത്ര തുടർന്നത്. ഏറെ കാലത്തെ പരിശ്രമത്തിലാണ് ഏഴര ലക്ഷത്തോളം മുടക്കി നാട്ടുകാർ തന്നെ മിനി ബസ് സർവിസ് ആരംഭിച്ചത്. 210 പേർ ചേർന്ന ജനകീയം സൊസൈറ്റിയാണ് ബസ് സർവിസ് യാഥാർഥ്യമാക്കിയത്.
രാവിലെ ഏഴ് മുതൽ തുടങ്ങുന്ന സർവിസ് പെരുമണ്ണയിലേക്കാണ്. പെരുമണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള യാത്രക്കാർക്കായി ഇടക്ക് പാറമ്മൽ വഴിയും സർവിസുണ്ട്. സ്ത്രീകൾക്കും വിദ്യാർഥികൾക്കുമാണ് ബസ് സർവിസ് വലിയ ആശ്വാസം നൽകുന്നത്.
അഷറഫ് കളത്തിങ്ങൽ (പ്രസിഡന്റ്), ജിതേഷ് അരീക്കൽ (സെക്രട്ടറി) ഷാജി കുഴിമ്പാട്ടിൽ (ട്രഷറർ), കെ. സുധീർ, ആർ.എം. അബ്ദുറഹിമാൻ, കെ.പി. ഷാജി എന്നിവർ ഭാരവാഹികളായ സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പുറ്റേക്കടവ് ചാലിയാർ തീർത്ത് നടന്ന ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.