കോഴിക്കോട്: മാനാഞ്ചിറയിലെ പാർക്കിങ് പ്ലാസക്ക് സ്ഥലമൊരുക്കാൻ കോർപറേഷൻ സത്രം ബിൽഡിങ് എന്ന പഴയ കിഡ്സൺ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ താൽക്കാലിക കച്ചവടം നടത്താൻ കച്ചവടക്കാർക്ക് പണിയുന്നത് 27 ലക്ഷത്തിന്റെ താൽക്കാലിക കെട്ടിടം. നേരത്തേ 32 ലക്ഷം ചെലവിട്ട് കടക്കാർതന്നെ പണിത കോണ്‍ക്രീറ്റ് കടമുറികള്‍ കോര്പറേഷന് പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കുറെ പൊളിക്കുകയും ചെയ്തു. അതിനിടെയാണ് താൽക്കാലികമായി പണിയാൻ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയത്. മേയർ മുൻകൂട്ടി പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ ഇക്കാര്യം പരിഗണിക്കും. 12 കടമുറികള്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവരുമ്പോള് താൽക്കാലിക സൗകര്യമൊരുക്കാനാണ് തീരുമാനം.
വൈക്കം മുഹമ്മദ് ബഷീര്‍ റോഡ്, പി.എം. താജ് റോഡ് എന്നിവിടങ്ങളിലാണ് താൽക്കാലിക കടമുറിയൊരുക്കുക. നിർമാണം പ്രശ്നമാണെന്ന് പൊലീസ് റിപ്പോര്‍ട്ട് വന്നതോടെയാണ് കോൺക്രീറ്റ് നിർമാണം പൊളിക്കാൻ കോര്പറേഷന് തീരുമാനിച്ചത്. കോൺക്രീറ്റ് നിർമാണം അനധികൃതമാണെന്ന് കോർപറേഷൻ വ്യാപാരികളെ അറിയിക്കുകയായിരുന്നു.
നാല് കടമുറികള്‍ കോര്പറേഷന് ചെലവില്‍ പൊളിച്ചുവെങ്കിലും താജ് റോഡിലുള്ളത് മുഴുവൻ പൊളിച്ചിട്ടില്ല. താൽക്കാലിക സ്റ്റീല്‍ നിര്‍മിതിയാണ് ഇപ്പോൾ പൊളിക്കുന്നത്. പ്ലാസ നിർമാണം കഴിഞ്ഞ് കടക്കാർ മാറിയാലും കോർപറേഷന് ഇത് ഉപയോഗിക്കാനാവുമെന്നാണ് വിലയിരുത്തൽ. പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ആയതിനാൽ മറ്റാവശ്യങ്ങൾക്ക് സാമഗ്രികൾ ഒഴിവാക്കാനാവും.
തങ്ങൾക്ക് പകരം സംവിധാനമില്ലെങ്കിൽ മാറില്ലെന്നാണ് കടക്കാരുടെ നിലപാട്. സത്രം കെട്ടിടത്തില്‍നിന്ന് നിലവിലുള്ള കടമുറികള്‍ ഒഴിഞ്ഞാലേ നഗരം ഏറെക്കാലമായി കാത്തിരിക്കുന്ന പ്ലാസ പണിയാനായി കെട്ടിടം പൊളിക്കാനാവൂ.
കോർപറേഷൻ കത്ത് നൽകിയതിന്റെയടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷനടക്കം കിട്ടിയ പകരം കെട്ടിടങ്ങളാണ് ഇപ്പോൾ പൊളിച്ച് താൽക്കാലിക രീതിയിലേക്കാക്കുന്നത്.
മൊത്തം ഒരാൾക്കാണ് എല്ലാ കടകളും പണിയാൻ വ്യാപാരികൾ കരാർ നൽകിയിരുന്നത്. 32 ലക്ഷം രൂപ ഇതിനകം വ്യാപാരികൾക്ക് ചെലവായി. ഇതാണ് പൊളിച്ച് തുടങ്ങിയത്. തിരക്കേറിയ റോഡിലുള്ള നിർമാണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസും പൊതുമരാമത്ത് വകുപ്പും കോർപറേഷനെ അറിയിച്ചിരുന്നു.
ഇതിന്റെയെല്ലാം പാശ്ചാത്തലത്തിലാണ് പൊളിക്കാൻ തീരുമാനമായത്. പി.എം. താജ് റോഡിൽ കംഫർട്ട് സ്റ്റേഷനോട് ചേർന്ന് ഒമ്പതു പേർക്കും സെൻട്രൽ ലൈബ്രറിക്ക് എതിർവശം മൂന്നു പേർക്കുമാണ് താൽക്കാലിക കടക്ക് സ്ഥലം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.