പയ്യോളി: ഇരിങ്ങൽ കോട്ടക്കലിൽനിന്ന് വടകര സാൻഡ്ബാങ്ക്സിലേക്ക് നിർമിക്കുന്ന കുഞ്ഞാലിമരക്കാർ മേൽപാലത്തിന് 59 കോടി രൂപ അനുവദിച്ചതോടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് തീരദേശ റോഡ് വികസന പദ്ധതി. പാലം നിർമാണത്തിന് കിഫ്ബിയില്‍നിന്ന് ഇതിനായി അന്തിമ ധനാനുമതി ലഭിച്ചതായി കെ. ദാസന്‍ എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന
തീരദേശപാതയിലെ പ്രധാന കടമ്പകളിലൊന്നായ കുഞ്ഞാലിമരക്കാർ പാലത്തിന് അനുമതി ലഭിച്ചതോടെ പാതയുടെ അനുബന്ധ ജോലികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
നിരവധി റീച്ചുകളായാണ് പാതയുടെ വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വിഭാഗം തയാറാക്കിവരുന്നത്. കുഞ്ഞാലിമരക്കാര്‍ മേൽപാലമടക്കം കോട്ടക്കല്‍ മുതല്‍ മുത്തായം ബീച്ച് വരെ നീളുന്ന 16.669 കിലോമീറ്റര്‍ ദൂരത്തിെൻറ ഡി.പി.ആര്‍ മണ്ഡലത്തിൽ മൂന്നു റീച്ചുകളായാണ് അംഗീകാരത്തിനായി കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെ നീളുന്ന മണ്ഡലത്തിലെ അവസാന റീച്ചിെൻറ സ്ഥലമേറ്റെടുപ്പ് അംഗീകാരം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ധനാനുമതി ലഭിച്ചതിനാല്‍ നിര്‍മാണം ആരംഭിക്കുന്നതിലേക്കായി സാങ്കേതികാനുമതിക്കു വേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.
പതിവ് പാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ മനോഹരമായാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. 537 മീറ്റർ നീളവും 15.06 മീറ്റര്‍ വീതിയുമാണ് പാലത്തിനുണ്ടാവുക. പാലത്തിെൻറ വശങ്ങളിൽനിന്ന് സഞ്ചാരികൾക്ക് ഇറങ്ങിനിന്ന് അഴിമുഖത്തിെൻറ ദൃശ്യഭംഗി ആസ്വദിക്കാനാവും വിധമുള്ള വ്യൂ പോയൻറുകളും സൈക്കിള്‍ ട്രാക്കും അടക്കമുള്ള സൗകര്യങ്ങൾ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം പാറപ്പള്ളി, നന്തി ലൈറ്റ് ഹൗസ്, തിക്കോടി കല്ലകം ഡ്രൈവ് ഇൻ ബീച്ച്, കൊളാവിപ്പാലം ആമ വളർത്തുകേന്ദ്രം, കുഞ്ഞാലിമരക്കാർ മ്യൂസിയം, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, വടകര സാൻഡ് ബാങ്ക്സ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് ദേശീയപാത ഒഴിവാക്കി വേഗത്തിലെത്താനുള്ള എളുപ്പവഴിയായി തീരദേശപാത മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.