പേരാമ്പ്ര: പേരാമ്പ്ര കോൺഗ്രസിലെ വിമതരിൽ ഭിന്നത. ഒരുവിഭാഗം ഔദ്യോഗിക വിഭാഗത്തോടൊപ്പം ചേരാൻ തീരുമാനിച്ചപ്പോൾ മറുഭാഗം എൻ.സി.പിയിൽ ചേരാൻ തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറും നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറുമായ പി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിലുള്ള വിഭാഗമാണ് എൻ.സി.പിയിൽ പോകാൻ തീരുമാനിച്ചത്. ഇവരുടെ കൺവെൻഷൻ ഞായറാഴ്ച രാവിലെ 10ന് പേരാമ്പ്രയിൽ ചേരും. അതിലാണ് പ്രഖ്യാപനമുണ്ടാവുക. എന്നാൽ, ഇവരുടെ കൂടെ ഉണ്ടായിരുന്ന മുൻ മണ്ഡലം പ്രസിഡൻറുമാരായ ബാബു തത്തക്കാടൻ, വാസു വേങ്ങേരി, പി.ടി. ഇബ്രാഹിം എന്നിവർ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയിൽ പാർട്ടിയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഇവര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും.
സംഘടനാപരമായ മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനുശേഷം പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് ഉറപ്പുനൽകി. യു.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. ഇബ്രാഹിം കുട്ടിയുടെയും കെ. പ്രദീപെൻറയും സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയില്‍ കെ.പി. വേണു, പി.ടി. ഇബ്രാഹിം, പി.കെ. ബാലകൃഷ്ണന്, ബോബി സുധീഷ്, എന്‍.എം. മുരളി എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എട്ടാം വാർഡിൽ പി.പി. രാമകൃഷ്ണന് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം വിമതനായി മത്സരിക്കുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും രാമകൃഷ്ണൻ 344 വോട്ടു നേടി രണ്ടാമതെത്തി. തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കൾ ഇദ്ദേഹത്തോടൊപ്പം ചേർന്ന് വിമത കൂട്ടായ്മക്ക് രൂപംനൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെ മാറ്റണമെന്നും അച്ചടക്കനടപടി പിൻവലിച്ച് അവർക്ക് അർഹമായ സ്ഥാനം നൽകണമെന്നുമായിരുന്നു വിമതരുടെ ആവശ്യം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെ മാറ്റിയെങ്കിലും വിമതരുടെ മറ്റ് ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കോൺഗ്രസ് നേതൃത്വം നിരന്തരം നടത്തിയ ചർച്ചയിലാണ് ഒരു വിഭാഗത്തെ കൂടെ കൂട്ടാനായത്. എന്നാൽ, അണികൾ കൂടുതലുള്ളത് രാമകൃഷ്ണെൻറ കൂടെയാണ്. ഇവരെല്ലാം എൻ.സി.പിയിലേക്കാണെങ്കിൽ കോൺഗ്രസിെൻറ കോട്ടയായ പുറ്റംപൊയിലിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.