പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണി ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. നേരത്തെ ഉണ്ടായിരുന്ന അകൽച്ച കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തോടെ രൂക്ഷമായിരിക്കുകയാണ്. പന്നിമുക്ക്-ആവള റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മഠത്തിൽ മുക്കിൽ സി.പി.ഐ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് സി.പി.എമ്മുമായി സംഘർഷമുണ്ടാവുന്നത്. ഇരുവിഭാഗത്തിലേയും രണ്ടുവീതം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. അതിനിടെ ആവളയിലെ സി.പി.ഐയുടെ മുൻ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ വി.എം. വേണു, സി.പി.ഐ മഠത്തിൽ മുക്ക് ബ്രാഞ്ച് അംഗം ടി. നാരായണൻ എന്നിവർ സി.പി.എമ്മിൽ ചേർന്നത് സി.പി.ഐയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. ആവളയിലെ സി.പി.ഐയുടെ അടിവേരിളകിയെന്നാണ് സി.പി.എം സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത്. സി.പി.എം ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് ആണ് സി.പി.ഐക്കാരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ചെറുവണ്ണൂരിൽ ഇരുപാർട്ടികളിലും തമ്മിൽ അകൽച്ച തുടങ്ങിയിട്ടുണ്ട്. എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ്പഥം ചെറുവണ്ണൂരിൽ സി.പി.ഐക്കാണ് നൽകിയത്. എന്നാൽ, വനിത പ്രസിഡന്റിന് സി.പി.എം പ്രവർത്തനസ്വാതന്ത്ര്യം നൽകിയില്ലെന്ന് സി.പി.ഐ ആദ്യമേ അടക്കംപറഞ്ഞിരുന്നു. പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർപഥം സി.പി.ഐക്ക് നൽകാൻ ഏരിയ ഉഭയകക്ഷി യോഗത്തിൽ ധാരണയായെങ്കിലും ചെറുവണ്ണൂരിലെ സി.പി.എം നിലവിലെ ഡ്രൈവറായ ഡി.വൈ.എഫ്.ഐ നേതാവിനെ മാറ്റാൻ തയാറായില്ലെന്ന് സി.പി.ഐ പറയുന്നു. പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് എൽ.ഡി.എഫ് യോഗം വിളിക്കാൻ കൺവീനർ കൂടിയായ സി.പി.ഐ നേതാവ് തയാറായില്ലെന്നാണ് സി.പി.എം ആരോപണം.
കേന്ദ്രസർക്കാറിനെതിരെ എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ നടത്തിയ സമരം സി.പി.ഐ നേതാവായ സി.എൻ. ചന്ദ്രനാണ് ഉദ്ഘാടനം ചെയ്തതെങ്കിലും ചെറുവണ്ണൂരിലെ സി.പി.ഐക്കാർ പങ്കെടുക്കാത്തതും സി.പി.എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ചെറുവണ്ണൂരിൽ കുറച്ചുകാലമായി എൽ.ഡി.എഫ് സംവിധാനം നിലവിലില്ലെന്നും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷമേ എൽ.ഡി.എഫ് പരിപാടിയിൽ പങ്കെടുക്കൂ എന്നാണ് സി.പി.ഐ നിലപാട്. 15 സീറ്റുകളുള്ള ചെറുവണ്ണൂരിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം- സി.പി.ഐ പിണക്കം അധികനാൾ നീട്ടിക്കൊണ്ടുപോകുന്നത് നല്ലതല്ലെന്ന ബോധ്യം എൽ.ഡി.എഫ് നേതൃത്വത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.