പേരാമ്പ്ര: 'എെൻറ സുന്ദരിയുടെ രണ്ടു മക്കൾക്ക് ആരോ വിഷം കൊടുത്തു. ഇവരെ ഓട്ടോയിൽ കയറ്റി ഡോക്ടറുടെ അടുത്ത് എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ദിവസം ഞാൻ ഉറങ്ങിയിട്ടില്ല' - കായണ്ണയിലെ വനിതാ ഓട്ടോ ഡ്രൈവർ തുമ്പമല പടിഞ്ഞാറെ ചാലിൽ രജിതയുടെ വാക്കുകളാണിത്.
കായണ്ണയിലെ തെരുവ്നായയെ 'സുന്ദരി' എന്നാണ് രജിത വിളിക്കുന്നത്. സുന്ദരി മാത്രമല്ല റാണി, ചെമ്പൻ, ടോണി തുടങ്ങി ഇരുപതോളം തെരുവ് നായ്ക്കളെയാണ് രജിത സംരക്ഷിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി കഴിഞ്ഞ വർഷം നാട് അടച്ചുപൂട്ടിപ്പോയതോടെയാണ്, പട്ടിണിയിലായ കായണ്ണയിലെ തെരുവ് നായ്ക്കൾക്ക് മുന്നിൽ ഭക്ഷണവുമായി രജിത എത്തുന്നത്. തുടർന്നിങ്ങോട്ട് നിത്യവും ഇരുപതോളം നായ്ക്കളെ ഊട്ടുന്ന ഉത്തരവാദിത്തം രജിത ഏറ്റെടുത്തു.
ദിവസവും രണ്ടുനേരം ഭക്ഷണമെത്തിച്ച് കൊടുക്കും. കോഴിക്കടകളിൽനിന്ന് ലഭിക്കുന്ന മാംസാവശിഷ്ടവും വീട്ടിൽ നിന്ന് ചോറുമെല്ലാം മറക്കാതെ എത്തിക്കും. ടൗണിൽ നിന്ന് മാറി ആൾ ഒഴിഞ്ഞ സ്ഥലത്താണ് ഭക്ഷണമെത്തിച്ച് നൽകുക. ഓരോന്നിനെയും പേരുവിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചാണ് രജിത മടങ്ങുക. അവർക്ക് അസുഖം വന്നാൽ ആശുപത്രിയിൽ എത്തിക്കാനും ഓടിയെത്തും. കായണ്ണയിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറാണ് രജിത. ദൂരെ സ്ഥലങ്ങളിൽ ഓട്ടം ലഭിക്കുമ്പോൾ ചിലപ്പോൾ രാത്രി വൈകിയാണ് കായണ്ണയിൽ തിരിച്ചെത്തുക.
എന്നാൽ, രജിതയുടെ ഓട്ടോയും കാത്ത് ശുനകക്കൂട്ടം ടൗണിലുണ്ടാവും. എത്ര വൈകിയാലും എവിടെ നിന്നെങ്കിലും ഭക്ഷണം ഇവർക്ക് എത്തിച്ചുകൊടുത്തിട്ടേ രജിത വീട്ടിൽ പോകാറുള്ളൂ. ഓട്ടോറിക്ഷക്ക് ഓട്ടമില്ലാത്ത സമയത്ത് മിൽമബൂത്തിലും നിൽക്കാറുണ്ട്. ബൂത്ത് ഉടമ കൊരവൻ തലക്കൽ സുമയും രജിതയുടെ ഈ സദ് പ്രവൃത്തിക്ക് സഹായവുമായി കൂടെയുണ്ട്. രജിതക്ക് കിട്ടുന്ന വരുമാനത്തിെൻറ ചെറിയ പങ്ക് ഇവക്കായിമാറ്റിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.