പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീട് മണ്ണിടിച്ചിലില്‍ തകര്‍ന്ന നിലയില്‍

പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു

പേരാമ്പ്ര: ചൊവ്വാഴ്ച്ച രാവിലെ മുതൽ പെയ്ത കനത്ത മഴയില്‍ പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീടാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. വീടിന് പിന്‍ഭാഗത്തെ മണ്ണുകൊണ്ടുള്ള കൈയ്യാലയാണ് മഴയില്‍ ഇടിഞ്ഞത്.

വീട്ടുമുറ്റത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് പട്ടിക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മി അമ്മയുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

മൊയോത്ത് ചാലില്‍ പ്രകാശന്‍റെ പട്ടിക്കൂടാണ് മണ്ണിടിച്ചിലില്‍ വീടിന് മുകളില്‍ പതിച്ചത്. പട്ടിക്കൂടിന്‍റെ കോണ്‍ക്രീറ്റ് കാലുകളും ഗ്രില്ലുകളും മണ്ണുകൂടിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ വീടിന്‍റെ മേല്‍ക്കൂര ഇളകി മുന്നോട്ട് നീങ്ങുകയും അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകരുകയും ചെയ്തു.

ഈ സമയം പട്ടിക്കൂടിന്‍റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര വീടിന്‍റെ സമീപത്തെത്തി നിന്നതിനാല്‍ വീട് പൂര്‍ണ്ണമായും തകരാതെ ബാക്കിയായി. കൂട്ടിലുണ്ടായിരുന്ന പട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗം എം.കെ. ഷൈനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന വീട് താൽക്കാലികമായി ടാർപോളിൻ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്.  അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു.


Tags:    
News Summary - house damaged in land sliding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.