പേരാമ്പ്ര: നവകേരള സദസ്സിനെ കേരളം നെഞ്ചേറ്റിയ കാഴ്ച്ചയാണ് എല്ലാ മണ്ഡലങ്ങളിലും കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്രയിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ മുതൽ പ്രായമായവർവരെ ജനങ്ങളിലേക്ക് ഇറങ്ങിയ കേരള മന്ത്രിസഭയെ സ്വീകരിക്കാൻ തടിച്ചുകൂടുകയാണ്. ഇതൊന്നും ആരും നിർബന്ധിച്ചിട്ടല്ല.
നമ്മൾ എത്തിനിൽക്കുന്ന സ്ഥലത്തുനിന്ന് നമുക്ക് മുന്നോട്ടു പോകണം. ഇതിന് ഒരു മനസ്സോടെ ജനങ്ങൾ കൂടെ നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് പിന്തുണ ലഭിക്കുന്നില്ല. കേന്ദ്ര സർക്കാർ എല്ലാം കൈയടക്കിവെക്കുകയാണ്. സംസ്ഥാനങ്ങൾ സംതൃപ്തരല്ല. കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനം രാജ്യത്തിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറയിൽ കടുവ സഫാരി പാർക്ക് യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖല വികസിക്കും. ഇതിന് ബഫർ സോൺ ഒന്നും ബാധകമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റ്യൻ, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ് എന്നിവർ സംസാരിച്ചു.
നോഡൽ ഓഫിസർ ഗിരീഷ് കുമാർ സ്വാഗതവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നന്ദിയും പറഞ്ഞു. രാവിലെ മുതൽ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ചെണ്ടമേളം, ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.