പേരാമ്പ്ര: അരങ്ങിൽ തകർത്തഭിനയിക്കുമെങ്കിലും ജീവിതത്തിൽ അഭിനയിക്കാനറിയാത്തതുകൊണ്ട് 'ചെറ്റയിൽ അമ്മദിന്' ഇന്ന് കയറിക്കിടക്കാൻ ഒരു കുടിലുപോലും ഇല്ലാത്ത അവസ്ഥയാണ്. ചെറുപ്പകാലത്ത് ചെറ്റയിൽ അമ്മദ് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് പേരാമ്പ്ര അരനൂറ്റാണ്ടുകാലമായി അഭിനയരംഗത്ത് നിറഞ്ഞുനിൽക്കുന്ന നാടകപ്രവർത്തകനാണ്.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും ഏത് സാമൂഹിക വിഷയങ്ങളെ കുറിച്ചും ആഴത്തിലുള്ള പ്രസംഗം നടത്തും. നിരവധി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. കോഴിക്കോട് ചിരന്തന, കെ.പി.എ.സി, സ്റ്റേജ് ഇന്ത്യ, തിരുവനന്തപുരം അക്ഷരകല, അങ്കമാലി നാടകനിലയം, വടകര വരദ, പേരാമ്പ്ര കലാഭവൻ ഉൾപ്പെടെയുള്ള നിരവധി ട്രൂപ്പുകളുടെ നാടകങ്ങളിലൂടെ പതിനായിരക്കണക്കിന് വേദികളിൽ നിറഞ്ഞാടി.
അച്ചുവിന്റെ അമ്മ, കഥപറയുമ്പോൾ, കുഞ്ഞനന്തന്റെ കട, ഉട്ടോപ്യയിലെ രാജാവ്, തകരച്ചെണ്ട, മാച്ച് ബോക്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സംസ്ഥാന സർക്കാറിന്റെ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു. വീട് വെക്കാൻ വാളൂരിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. വീടെന്ന സ്വപ്നം പൂവണിയണമെങ്കിൽ നാടിന്റെ കൈത്താങ്ങ് കൂടി വേണം.
വീടുനിർമാണത്തിലേക്കുള്ള പണം കണ്ടെത്താൻ മാർച്ച് 21ന് ഉച്ച രണ്ട് മുതൽ പേരാമ്പ്ര മഹിമ ഓഡിറ്റോറിയത്തിൽ ഇദ്ദേഹം ഒരു സഹായക്കുറി നടത്തുന്നുണ്ട്. നേരിട്ട് വരാൻ പറ്റാത്തവർക്ക് 20263864858. (IFS code: SBIN0003995 and MICR code: 673002102) ഈ അക്കൗണ്ട് നമ്പറിലൂടേയും (G Pay: 9846463200 ) സഹായമെത്തിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.