നന്മണ്ട: ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ നന്മണ്ട ഡിവിഷനിൽ ഇടതുവലത് മുന്നണികൾക്കൊപ്പം എൻ.ഡി.എയും ഒപ്പത്തിനൊപ്പം മത്സരരംഗത്ത് സജീവമായി. ഇരുമുന്നണികളും ഡിവിഷനിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പൂർത്തിയാക്കി.
എൻ.ഡി.എ സ്ഥാനാർഥിയും ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. യു.ഡി.എഫ് സ്ഥാനാർഥി കെ. ജമീലയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളായ ടി. സിദ്ദീഖ് എം.എൽ.എ, വി.ടി. ബൽറാം, എം.കെ. രാഘവൻ എം.പി, അഡ്വ. പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, യു.വി. ദിനേശ് മണി, കെ.സി. അബു, യൂത്ത് ലീഗ് നേതാവ് ജാഫർ സാദിഖ് തുടങ്ങിയവർ ഇതിനകം പങ്കെടുത്തിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി റസിയ തോട്ടായിയുടെ ഡിവിഷനിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനയാത്ര കഴിഞ്ഞദിവസം സമാപിച്ചു. രണ്ടാംഘട്ട പ്രചാരണത്തിെൻറ ഭാഗമായി നടന്ന പദയാത്ര ശനിയാഴ്ച പറമ്പത്ത് നിന്നാരംഭിച്ച് കാക്കൂരിൽ സമാപിച്ചു. സമാപനയോഗം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ നേതാക്കളായ മന്ത്രി എ.കെ. ശശീന്ദ്രൻ, കെ.പി. അനിൽകുമാർ, ജെയ്ക് സി. തോമസ്, മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങിലെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർഥി ഗിരിജ വലിയപറമ്പിലിെൻറ പ്രചാരണം പ്രധാനമായും വീടുകൾ കയറിയിറങ്ങിയാണ്. ഗൃഹയോഗങ്ങളും നടക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ, ജില്ല പ്രസിഡൻറ് വി.കെ. സജീവൻ എന്നിവരും വിവിധ യോഗങ്ങളിൽ പങ്കെടുക്കാനെത്തി.
ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ളതാണ്. 2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി കാനത്തിൽ ജമീല 8094 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ സലീന റഹീമിനെ പരാജയപ്പെടുത്തിയത്. നന്മണ്ട പഞ്ചായത്തിലെ ആകെയുള്ള 17 വാർഡിൽ 12ാം വാർഡ് ഒഴികെ മുഴുവൻ വാർഡുകൾ, തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, കാക്കൂർ പഞ്ചായത്തിലെ 1, 2, 11, 12, 14, 15 വാർഡുകൾ, ചേളന്നൂർ പഞ്ചായത്തിലെ 4, 5 വാർഡുകൾ ഉൾപ്പെടെ 41 വാർഡുകളടങ്ങിയതാണ് നന്മണ്ട ജില്ല ഡിവിഷൻ. എൽ.ഡി.എഫ് സ്ഥാനാർഥി റസിയ തോട്ടായി മഹിള അസോസിയേഷൻ കക്കോടി ഏരിയ സെക്രട്ടറിയും സി.പി.എം കക്കോടി ഏരിയ കമ്മിറ്റി അംഗവുമാണ്. 2020ലെ വോട്ടിങ് നില. കാനത്തിൽ ജമീല (സി.പി.എം 24,447), സലീന റഹീം (കോൺഗ്രസ് 16,353), ശോഭരാജൻ (ബി.ജെ.പി 8488).
യു.ഡി.എഫ് റോഡ് ഷോ
നന്മണ്ട: നന്മണ്ട ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി കെ. ജമീലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി വോട്ടഭ്യർഥനയുമായി റോഡ് ഷോ നടത്തി. എം.കെ. രാഘവൻ എം.പിയും ഒപ്പമുണ്ടായിരുന്നു. രാവിലെ ചേളന്നൂർ 9/5 ൽ നിന്നാരംഭിച്ച റോഡ് ഷോ കാക്കൂർ, നന്മണ്ട, ചീക്കിലോട്, അന്നശ്ശേരി, അണ്ടിക്കോട്, എന്നീ കേന്ദ്രങ്ങളിലൂടെ പുറക്കാട്ടിരിയിൽ സമാപിച്ചു. സമാപന യോഗത്തിൽ എം.കെ.രാഘവൻ എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. നിധീഷ്, ഐ.പി. രാജേഷ്, യൂത്ത് ലീഗ് നേതാവ് മൻസൂർ, റാഷിദ് പുറായിൽ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് പദയാത്ര
നന്മണ്ട: ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ സ്ഥാനാർഥി റസിയ തോട്ടായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ.ഡി.എഫ് പദയാത്ര നടത്തി. പറമ്പത്ത് പുറക്കാട്ടിരിയിൽനിന്നും രാവിലെ ആരംഭിച്ച പദയാത്ര നിരവധി മോട്ടോർ സൈക്കിളുകളുടെ അകമ്പടിയോടെ കാക്കൂരിൽ സമാപിച്ചു. സമാപന യോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം.പി. ഷിജിത് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, കെ.എം. രാധാകൃഷ്ണൻ, എം. രാധാകൃഷ്ണൻ, സ്ഥാനാർഥി റസിയ തോട്ടായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.