പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്നു യു.ഡി.എഫ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ റിമാൻഡിലായി. എട്ടാം വാർഡ് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ പി.കെ. രാഗേഷ്, 16ാം വാർഡ് അംഗവും കെ.എസ്.യു ജില്ല സെക്രട്ടറിയുമായ അർജുൻ കറ്റയാട്ട്, 11ാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട സി.പി.എം വിമതൻ യു.സി. അനീഫ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.സി. അനീഷ് എന്നിവരാണ് റിമാൻഡിലായത്.
തിങ്കളാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞയിൽ അറസ്റ്റ് ഭയന്ന് ഇവർ എത്തിയിരുന്നില്ല. പിന്നീട് ഉച്ചക്കുശേഷം കോടതി ഉത്തരവുമായി സത്യപ്രതിജ്ഞക്ക് എത്തിയപ്പോൾ പഞ്ചായത്തീരാജ് ചട്ടം അനുവദിക്കില്ലെന്നു പറഞ്ഞ് വരണാധികാരി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് ഇവർ ബുധനാഴ്ച പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യാമെന്ന് കരുതി യു.ഡി.എഫിെൻറ രണ്ടു വനിത അംഗങ്ങളും അധികാരമേറ്റിരുന്നില്ല. പ്രസിഡൻറ് തെരഞ്ഞെടുപ്പിനുശേഷമാണ് ഇവർക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരമുണ്ടാവുക. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും യു.ഡി.എഫ് അംഗങ്ങൾക്ക് നഷ്ടമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം മരുതേരിയിലുണ്ടായ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിയ യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസുകാരെ ആക്രമിച്ചെന്ന പരാതിയിലാണ് ഈ നാലു പേർക്കെതിരേയും കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ നിരവധി യു.ഡി.എഫ് പ്രവർത്തകർ സ്റ്റേഷനു സമീപമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.