പേരാമ്പ്ര: മത്സ്യമാർക്കറ്റിലെ സംഘർഷത്തിലേർപ്പെട്ടവർ ക്വാറൻറീനിൽ പോകണമെന്ന കലക്ടറുടെ ഉത്തരവ് വന്നതോടെ ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും തലവേദനയായി. 200ഓളം ആളുകൾ സംഘർഷത്തിലുണ്ട്.
ഇവരിൽ പലരും കലക്ടറുടെ ഉത്തരവ് പാലിക്കുന്നില്ല. ഇവർ ക്വാറൻറീനിൽ കഴിയുന്നുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകരും പൊലീസുമാണ് നിരീക്ഷിക്കേണ്ടത്.
പേരാമ്പ്ര പഞ്ചായത്തിലുൾപ്പെട്ട 76 പേരുടെ പട്ടിക ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെ വിളിച്ച് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. പേരാമ്പ്ര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ ക്വാറൻറീനിലാണ്.
കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ കണ്ടെത്തുക, ടെസ്റ്റ് നടത്തുക തുടങ്ങിയ പിടിപ്പതു പണിയുള്ളപ്പോഴാണ് സംഘർഷവും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളും ആരോഗ്യ വകുപ്പിനും പൊലീസിനും ദുരിതമായത്.
പേരാമ്പ്ര: നിരവധി പേർ മത്സ്യക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന പേരാമ്പ്ര മാർക്കറ്റിൽ സി.പി.എം നേതൃത്വത്തിൽ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
120 കുടുംബങ്ങളുടെ അത്താണിയായ തൊഴിൽ മേഖലയെ തകർക്കാനുമുള്ള പേരാമ്പ്രയിലെ ഒരുവിഭാഗം സി.പി.എം നേതാക്കളുടെ ശ്രമം പ്രതിഷേധാർഹമാണ്.
കോവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാൻ ഉത്തരവാദപ്പെട്ട ജനപ്രതിനിധി അക്രമത്തിന് നേതൃത്വം കൊടുത്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
എസ്.പി. കുഞ്ഞമ്മദ്, സി.പി.എ. അസീസ്, എസ്.കെ. അസൈനാർ, കല്ലൂർ മുഹമ്മദലി, ആവള ഹമീദ്, ഒ. മമ്മു, ടി.കെ. ഇബ്രാഹിം, എം.കെ. അബ്ദുറഹിമാൻ, ടി.പി. മുഹമ്മദ്, എം.കെ.സി. കുട്ട്യാലി, പുതുക്കുടി അബ്ദുറഹിമാൻ, ഇ. ഷാഹി, ആർ.കെ. മുനീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.