Representational Image

പേരാമ്പ്രയിലും പരിസരത്തുമായി 23 പേരെ തെരുവുനായ് കടിച്ചു

പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലുമായി 23 പേരെ തെരുവുനായ് കടിച്ചു.  ശശി (45) നരയംകുളം, അഭിജിത്ത് (21) പുറ്റംപൊയില്‍, ചിരുതക്കുട്ടി (65) മുളിയങ്ങല്‍, വിത്സന്‍ (60) ചെമ്പനോട, ബാലന്‍ (60) കൈതക്കല്‍, ത്രേസ്യാമ്മ (68) ചെമ്പനോട, സുദേവ് (48) കായണ്ണ, ബാലകൃഷ്ണന്‍ (72) പേരാമ്പ്ര, അനീഷ്(34) കൂത്താളി, അമ്മദ്(65) കല്ലോട്, ചന്ദ്രന്‍ (57) പൈതോത്ത്, ഷൈലജ (58) മുളിയങ്ങല്‍, രാധാകൃഷ്ണന്‍ (64) പേരാമ്പ്ര, മമ്മി (64) വെള്ളിയൂര്‍, ജാനു(45) പള്ളിയത്ത്, ചന്ദ്രന്‍ (54) പള്ളിയത്ത്, ഭാസ്‌കരന്‍ (73) കല്ലോട്, ഷൈജു (43) കല്ലോട്, ഇബ്രാഹിം(79) എരവട്ടൂര്‍, ഷിബിന്‍ (27) പേരാമ്പ്ര, സുമേഷ് (48) ചെമ്പ്ര, കുമാരന്‍(60) എരവട്ടൂര്‍, ഇബ്രാഹിം (60) കടിയങ്ങാട് എന്നിവരെയാണ് പട്ടി കടിച്ചത്.

കടിയേറ്റ പലർക്കും മുറിവ് മാരകമാണ്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പട്ടിയെ പിന്നീട് നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. 

ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് പുളിയോട്ടുമുക്കിലാണ് നായയെ ആദ്യം കണ്ടത്. ഇവിടെ നിന്ന് ഒരാളെ കടിച്ച നായ് മറ്റ് തെരുവ് പട്ടികളേയും കടിച്ചിട്ടുണ്ട്. പിന്നീട് മുളിയങ്ങലിൽ നിന്നും കൈതക്കലിൽ നിന്നും ആളുകളെ കടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് പേരാമ്പ്ര ബസ്സ് സ്റ്റാൻഡ്, മാര്‍ക്കറ്റ്, കല്ലോട് എന്നിവിടങ്ങളിലും നായ വിളയാടി.

സംസ്ഥാനപാതയിലൂടെ ഓടിയ നായയെ നാട്ടുകാർ പിന്തുടർന്ന് കൈതക്കലിൽ നിന്ന് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി ഭാഗങ്ങളിലും നിരവധി പേരെ നായ് കടിച്ചിരുന്നു.

പേരാമ്പ്രയിൽ 23 പേരെ കടിച്ച നായക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയവും ഉണ്ട്. മറ്റ് നിരവധി തെരുവ് നായ്ക്കളേയും ഈ നായ് കടിച്ചിട്ടുണ്ടെന്നത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. 

Tags:    
News Summary - stray dog bites 23 persons in perambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.