പേരാമ്പ്ര: കുറ്റ്യാടി പുഴയിലെ തുരുത്തിൽ അകപ്പെട്ട ദമ്പതികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പെരുവണ്ണാമൂഴിക്കടുത്ത് പറമ്പൽ മീൻ തുള്ളിപ്പാറ ഭാഗത്ത് തുരുത്തിൽ മലപ്പുറം കോട്ടക്കലിൽ നിന്ന് വന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലിയും ഭാര്യ ജുമൈലത്തുമാണ് അകപ്പെട്ടത്.
പുഴയിൽ വെള്ളം വളരെ കുറഞ്ഞതായി കണ്ട ഇരുവരും തുരുത്തിലേക്ക് നടന്ന് പോവുകയായിരുന്നു. തുരുത്തിൽ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടയിൽ പുഴയിലെ ജലനിരപ്പ് പെട്ടെന്നുയർന്നു. പെരുവണ്ണാമൂഴി ഡാമിൽ നിന്നു കൂടുതൽ വെള്ളം തുറന്നു വിട്ടതിനാൽ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. ഭയവിഹ്വലരായ ദമ്പതികൾ തുരുത്തിലെ മരത്തിൽ കയറി ഇരുപ്പുറപ്പിക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾ രക്ഷപ്പെടുത്താൻ ശ്രമിച്ചു നോക്കിയെങ്കിലും വിജയിച്ചില്ല.
തുടർന്ന് ബന്ധുക്കൾ പ്രദേശവാസികളെ വിവരം അറിയിച്ചു. ഇതേ തുടർന്ന് പേരാമ്പ്ര അഗ്നിശമന സേന ഓഫിസർ മാരായ കെ.എം ഷിജു. ഐ.ബി. രാഗിൻകുമാർ എന്നിവർ തുരുത്തിൽ നീന്തിയെത്തി പുഴക്ക് കുറുകെ കയർകെട്ടി സേഫ്റ്റി ബെൽറ്റിൽ കുരുക്കി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരനായ എ.ആർ. ദിനേഷും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫിസർ ജാഫർ സാദിഖ്, അസി. സ്റ്റേഷൻ ഓഫീസർമാരായ ഭരതൻ, സജീവൻ, സീനിയർ ഫയർ ആൻഡ് െറസ്ക്യു ഓഫിസർ പി. വിനോദൻ, എം.പി. സിജു, കെ. ബൈജു, എൻ.കെ. സ്വപ്നേഷ്, എസ്.ആർ. സാരംഗ്, സി.എം. ഷിജു, എസ്.കെ. സുധീഷ്, ഹോംഗാർഡുമാരായ കെ.പി. ബാലകൃഷ്ണൻ, എൻ.എം. രാജീവൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.