കാട്ടാനകളുടെ വിളയാട്ടമാണ് പേരാമ്പ്ര എസ്റ്റേറ്റിൽ. കൊമ്പനും പിടിയും കുട്ടിയാനയുമെല്ലാം യഥേഷ്ടം വിഹരിക്കുകയാണ് റബർ തോട്ടങ്ങളിലൂടെ. കഴിഞ്ഞയാഴ്ച കുട്ടിയാനയെയും തെളിച്ച് കാട്ടാനക്കൂട്ടം നീങ്ങുന്ന കാഴ്ച നയന മനോഹരമാണെങ്കിലും തൊഴിലാളികൾക്കിത് ഭയാശങ്ക സൃഷ്ടിക്കുന്നതാണ്. പാറയിൽ ഷിനോജ് എസ്റ്റേറ്റിലെ നൈറ്റ് വാച്ച്മാനാണ്. രാത്രി ആന ഓടിച്ചപ്പോൾ ഇദ്ദേഹത്തിന് വീണ് പരിക്കേറ്റു. നൈറ്റ് വാച്ച്മാന്മാരെ മാത്രമല്ല ടാപ്പിങ് തൊഴിലാളികളെയും ഫീൽഡ് വർക്കർമാരെയുമെല്ലാം ആന ഓടിക്കുന്നത് നിത്യസംഭവമാണ്. പലർക്കും പരിക്കേൽക്കാറുമുണ്ട്. കാട്ടാനക്കൂട്ടങ്ങളുടെ മുന്നിൽ നിന്നും പലരും തലനാരിഴക്കാണ് രക്ഷപ്പെടാറ്. എസ്റ്റേറ്റ് റോഡിൽ നിർത്തിയിട്ട ടാപ്പിങ് തൊഴിലാളി സുധീഷിന്റെ സ്കൂട്ടർ കാട്ടാന തകർത്തത് നാലു മാസം മുമ്പാണ്. കാട്ടുപന്നികളും മുള്ളൻ പന്നികളും എസ്റ്റേറ്റിലെ സ്ഥിരം കാഴ്ചയാണ്. പന്നി റോഡിനു കുറുകെ ഓടിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്റ്റേറ്റ് സൂപ്പർവൈസർ ചെറുവള്ളി പ്രകാശന് പരിക്കേറ്റിരുന്നു. റബർവെട്ടുന്നവർ രാവിലെ ആറിന് ജോലി തുടങ്ങണം. ഈ സമയം കാട്ടാനകളും പന്നികളുമെല്ലാം എസ്റ്റേറ്റിലുണ്ടാവും. അന്നത്തിനു വേണ്ടി ജീവൻ പണയം വെച്ചുള്ള ജോലിയാണ് ഇവർ ചെയ്യുന്നത്. 73 ഏരിയയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തിയത് തൊഴിലാളികളുടെ ഭയം ഇരട്ടിക്കുകയാണ്. മലബാർ വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്നതാണ് പേരാമ്പ്ര എസ്റ്റേറ്റ്. 71,74, 22 ഏരിയകളിലാണ് കാട്ടാനശല്യം വ്യാപകമായുള്ളത്. ഇവിടെ നൂറ് കണക്കിന് റബർ മരങ്ങളാണ് ആനകൾ നശിപ്പിക്കുന്നത്. ആനകൾ കൂട്ടമായെത്തി തൈകൾ സ്ഥാപിക്കുന്നതിനനുസരിച്ച് നശിപ്പിക്കും. ആനകൾ കൃഷി നശിപ്പിക്കാതിരിക്കാനും എസ്റ്റേറ്റിൽ കയറാതിരിക്കാനും കാര്യക്ഷമമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. സൗരോർജവേലി പല സ്ഥലങ്ങളിലും ഉണ്ടെങ്കിലും അതുകൊണ്ട് പ്രയോജനമില്ല. വനവുമായി അതിർത്തി പങ്കിടുന്ന എസ്റ്റേറ്റ് ഭാഗങ്ങളിൽ വലിയ കിടങ്ങ് നിർമിച്ചാൽ കാട്ടാന ശല്യം കുറക്കാൻ കഴിയും.
വട്ടൻ പുഴുവും അട്ട പുഴുവും
കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നുണ്ടെങ്കിലും വട്ടൻ പുഴുവും അട്ടപ്പുഴുവും ആക്രമിക്കാത്ത തൊഴിലാളി പോലും എസ്റ്റേറ്റിലില്ല. വേനലിൽ പന്നിച്ചെള്ള് അഥവാ വട്ടൻ പുഴു ശല്യവും മഴക്കാലത്ത് അട്ടപ്പുഴു ശല്യവും കാരണം തൊഴിലാളികൾക്ക് സ്വൈരമില്ല. വട്ടൻ പുഴു ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിലുൾപ്പെടെ കയറിപ്പറ്റി തൊലിയുടെ ഉള്ളിൽ കടക്കും പിന്നെ പറിച്ചെടുക്കുക പ്രയാസമാണ്. കണ്ണിന്റെ പോള, ചെവി എന്നിവിടങ്ങളിലെല്ലാം പെറ്റുപെരുകും. കടിച്ച ഭാഗങ്ങളിൽ വട്ടച്ചൊറി വന്ന് നിരവധി തൊഴിലാളികൾ ചികിത്സയിലാണ്. മഴക്കാലത്താണ് അട്ടപ്പുഴുവിന്റെ ശല്യം വ്യാപകം. ശരീരത്തിൽ കയറുന്ന അട്ട രക്തം ഊറ്റിക്കുടിക്കും. കടിക്കുന്ന ഭാഗത്ത് രക്തം നിൽക്കാതെ പോയിക്കൊണ്ടിരിക്കും. ഇവിടെ വ്രണമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരാറുമുണ്ട്. പാമ്പ് ഉൾപ്പെടെയുള്ള ഇഴ ജീവികളുടെ ശല്യത്തിനും കുറവില്ല. ഇങ്ങനെ രോഗികളാകുന്ന തൊഴിലാളികൾക്ക് ഒരാനുകൂല്യമോ ചികിത്സ സഹായമോ ലഭിക്കുന്നില്ലെന്നതാണ് ഏറെ വേദനാജനകം.
എല്ലാ ദുരിതങ്ങളും സഹിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ജോലിക്കെത്തുന്നത് വീട്ടിലെ അടുപ്പിൽ തീ പുകക്കാൻ വേണ്ടിയാണ്. ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് അധികൃതർ. വന്യമൃഗശല്യവും പുഴുശല്യവുമെല്ലാം പൂർണമായി പരിഹരിക്കാൻ സാധിക്കില്ലെങ്കിലും ചില ആശ്വാസ നടപടികളെങ്കിലും അധികൃതർക്ക് സ്വീകരിക്കാവുന്നതാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.