കോഴിക്കോട്: പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിൽ കാലിടറിയ വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ഉയരെ പദ്ധതിയുമായി അധ്യാപകർ. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയവരെ വിജയിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ചൊവ്വാഴ്ച തുടങ്ങും.
UYARE (അൺലോക് യുവർ ആസ്പിരേഷൻസ് ടു റീബിൽഡ് ആൻഡ് എംപവർ) എന്നു പേരിട്ട നൂതനപദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെൻറ് കൗൺസലിങ് സെല്ലാണ് സംസ്ഥാനത്താദ്യമായി തുടക്കമിട്ടത്.
സെപ്റ്റംബർ 22ന് തുടങ്ങുന്ന പ്ലസ്ടു സേ പരീക്ഷക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സയൻസിലും കോമേഴ്സിലും ഹ്യുമാനിറ്റീസിലുമായി ഈ യോഗ്യത നേടാതെ പോയവെര ജില്ലയിലെ പ്രഗല്ഭ അധ്യാപകരുടെ ഒരുമാസത്തെ സ്പെഷൽ ക്രാഷ് കോഴ്സ് വഴിയാണ് സജ്ജരാക്കുന്നത്. ജില്ലയിലെ 150ലധികം ഗവ. എയ്ഡഡ് വിദ്യാലയങ്ങളിലെ യോഗ്യത നേടാതെപോയ വിദ്യാർഥികളാണ് ഉയരെ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഓരോ വിദ്യാലയത്തിലെയും പ്രിൻസിപ്പൽമാരും കരിയർ/സൗഹൃദ കോഓഡിനേറ്റർമാരും മറ്റ് അധ്യാപകരും പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.
ഒരു വിഷയം മാത്രം നഷ്ടപ്പെട്ടവർ, വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം പരീക്ഷ ശരിയായ രീതിയിൽ എഴുതാൻ കഴിയാതെപോയവർ, കൗമാര ചതിക്കുഴികളിൽ പെട്ടുപോയവർ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കടമ്പ കടക്കാൻ കഴിയാതെ പോയവരാണ് കൂട്ടത്തിൽ മിക്കവരും. പദ്ധതിയുടെ ഭാഗമായ വിദ്യാർഥികളെ ഒരു പ്ലാറ്റ് ഫോമിൽ കൊണ്ടുവന്ന് വിഷയാധിഷ്ഠിത ഗ്രൂപ്പുകളാക്കുകയും, 10 കുട്ടികൾക്കായി ഒരു മെൻറർ എന്ന നിലയിലേക്ക് മാറ്റിയുമാണ് പഠിപ്പിക്കുന്നത്.
സംസ്ഥാനത്താകെ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ 85.13ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നത്. ആകെ പരീക്ഷയെഴുതിയ 3,75,655 വിദ്യാർഥികളിൽ 55,873 പേർക്ക് ഉപരിപഠനത്തിന് യോഗ്യത നേടാനായില്ല. ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 38,188 വിദ്യാർഥികളിൽ 5264 പേർക്കാണ് പരീക്ഷയിൽ കാലിടറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.