കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെയടക്കം വിവിധ അക്കൗണ്ടുകളിൽനിന്നായി 12.68 കോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) മുൻ സീനിയർ മാനേജർ എം.പി. റിജിലിന്റെ പൊലീസ് കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും.
ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈകീട്ടോടെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പണം തിരിമറി നടത്തിയതിന്റെ രേഖകൾ നേരത്തെ പൊലീസ് ബാങ്കിൽനിന്ന് ശേഖരിച്ചിരുന്നു. പത്തുകോടിയിൽപരം രൂപയാണ് ഇയാൾ ഓഹരി കമ്പോളത്തിൽ വ്യാപാരം നടത്തി നഷ്ടമാക്കിയത്.
തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. പി.എൻ.ബിയുടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ കോർപറേഷന്റെ അക്കൗണ്ടിനു പുറമെ മറ്റു ചില അക്കൗണ്ടുകളിലും ഇയാൾ തിരിമറി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇങ്ങനെയുള്ള ഒമ്പതു അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ട് ഉടമകളെ കേസിൽ സാക്ഷികളാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പിടിയിലായത്. അതിനിടെ കോർപറേഷന്റെ നഷ്ടമായ പണം ബാങ്ക് തിരിച്ചുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.