പൊലീസിന്റെ ലഹരി വേട്ട; മൂന്നുമാസത്തിനിടെ പിടിച്ചത് കാൽ കോടിയുടെ എം.ഡി.എം.എ

കോഴിക്കോട്: ലഹരി മാഫിയയുടെ വേരറുക്കാൻ നഗരപരിധിയിൽ പരിശോധന ശക്തമാക്കി പൊലീസ്. മുമ്പെങ്ങുമില്ലാത്തവിധം യുവതീ യുവാക്കളും വിദ്യാർഥികളും കൂട്ടമായി ലഹരിക്കടിപ്പെടുകയും വിൽപനരംഗത്ത് സജീവമാവുകയും ചെയ്തതോടെയാണ് നടപടി ശക്തമാക്കിയത്.

മാരക മയക്കുമരുന്നായ എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത് ആംഫ്റ്റമൈൻ), എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ പിൽ, ഹാഷിഷ് ഓയിൽ എന്നിവയാണിപ്പോൾ വൻതോതിൽ നഗരത്തിലെത്തുന്നത്. മുൻകാലങ്ങളിൽ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കഞ്ചാവാണ് പ്രധാനമായും എത്തിയിരുന്നത്.

മൂന്നുമാസത്തിനിടെ മാത്രം 15 കേസുകളിലായി നഗരത്തിൽ 400 ഗ്രാമോളം എം.ഡി.എം.എ, 400 എൽ.എസ്.ഡി സ്റ്റാമ്പ്, 10 കിലോ കഞ്ചാവ്, 200 എം.ഡി.എം.എ പിൽ, ഹാഷിഷ് ഓയിൽ തുടങ്ങിയവയാണ് സിറ്റി പൊലീസും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും (ഡൻസാഫ്) ചേർന്നുമാത്രം പിടികൂടിയത്. ലഹരി വിൽപനക്കാരായ 20ഓളം പേരെയാണ് പൊലീസ് മാത്രം അറസ്റ്റുചെയ്തത്.

പിടികൂടിയ എം.ഡി.എം.എക്ക് മാത്രം കാൽ കോടിയോളം വിലവരും. ആർ.പി.എഫ്, എക്സൈസ് എന്നീ സേനകളുടെ ലഹരിവേട്ട കൂടി പരിഗണിക്കുമ്പോൾ കണക്ക് ഇരട്ടിയോളമാകും. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സ്വത്ത് കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് പോകുമെന്നും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

ആഡംബര ജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനുമാണ് പലരും ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് എത്തുന്നതെന്ന് ലഹരിവേട്ടക്ക് നേതൃത്വം നൽകുന്ന സിറ്റി ആന്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു. യുവജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിനും പൊലീസ് നടപടി സ്വീകരിക്കും.

ലഹരി വിമുക്തി നേടിയവരുടെ സ്‌നേഹസംഗമം

കോഴിക്കോട്: സാമൂഹികനീതി വകുപ്പ്, ജില്ല ഭരണകൂടം, നശാ മുക്ത് ഭാരത് അഭിയാന്‍, സുരക്ഷ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച, ലഹരിയിൽനിന്ന് വിമുക്തി നേടിയവരുടെ സ്‌നേഹസംഗമം ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ പ്രധാന പ്രശ്‌നമായ ലഹരിയെ പ്രതിരോധിക്കാനാകുന്നതും ലഹരിയില്‍നിന്നും വിമുക്തി നേടുന്നതും വലിയ കാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. നാം നമ്മളെ നന്നാക്കുന്നതാണ് വിജയം. നമ്മുടെ പ്രശ്‌നം തിരിച്ചറിഞ്ഞു തിരുത്തുന്നതിലൂടെ സന്തോഷം കൈവരിക്കാനാകുമെന്നും അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല സാമൂഹിക നീതി ഓഫിസര്‍ അഷ്‌റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തില്‍നിന്ന് വിമുക്തി നേടി മാതൃകപരമായ ജീവിതം നയിക്കുന്ന അംഗങ്ങള്‍ വേദിയില്‍ അനുഭവങ്ങള്‍ പങ്കിട്ടു. സുരക്ഷ ഐ.ആര്‍.സി.എയിലെ സൈക്യാട്രിസ്റ്റ് ഡോ. സത്യനാഥന്‍, തപോവനം അംഗം ഹരിദാസന്‍ എന്നിവര്‍ ആശംസ അറിയിച്ചു.

ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാർഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സുരക്ഷ ഐ.ആര്‍.സി.എ പ്രോജക്ട് ഡയറക്ടര്‍ ടി. അബ്ദുല്‍ നാസര്‍ സ്വാഗതവും സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലെ കൗണ്‍സലര്‍ രശ്മി നന്ദിയും പറഞ്ഞു.

രാമനാട്ടുകരയിൽ ലഹരി സംഘങ്ങൾ; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: രാമനാട്ടുകര കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശക്തമായ പട്രോളിങ്ങും കർശന പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് ഫറോക്ക് ഇൻസ്പെക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

ഫറോക്ക് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്ത് നഗരസഭയുടെ കെട്ടിടം നിർമിക്കുന്നതിന് നടപടിയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താൽക്കാലികമായി ഇവിടം പാർക്കിങ് ഏരിയയാക്കും.

രാമനാട്ടുകര ടൗണിലും പരിസരത്തും മദ്യം, മയക്കുമരുന്ന് എന്നിവ കൈവശംവെച്ചതിന് ഫറോക്ക് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിലാഷ് മലയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Tags:    
News Summary - Police Drunk Hunt-half crore worth of MDMA was seized in three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.