കോഴിക്കോട്: കടപ്പുറത്തെ പഴയ ലയൺസ് പാർക്ക് നഗരത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാവുമെന്ന പ്രഖ്യാപനവുമായി തുടങ്ങിയ നവീകരണ പ്രവൃത്തി ഇനിയും തുടങ്ങാനായില്ല. പാർക്ക് രണ്ടുഭാഗങ്ങളാക്കി നവീകരിക്കാനുള്ള പദ്ധതി സർക്കാർ അംഗീകാരം കാത്തുകിടക്കുകയാണ്.
മൊത്തം 7.5 കോടി രൂപ ചെലവിൽ പാർക്ക് നവീകരിക്കാനുള്ള തീരുമാനം കോർപറേഷൻ അനുമതി നൽകി സർക്കാറിലേക്ക് അയച്ചിരിക്കയാണ്. ഒരേക്കറിലേറെ ഭൂമിയിൽ 34 സെന്റ് സ്ഥലത്ത് 5.25 കോടി ചെലവിൽ 1500 ചതുരശ്രമീറ്ററിൽ പുതിയ കുളവും 2.25 കോടി ചെലവിൽ ഉദ്യാനവും നിർമിക്കാനാണ് പദ്ധതി. കേന്ദ്ര സഹായത്തോടെയുള്ള ‘അടൽ മിഷൻ ഫോർ റിജുവനേവഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ’ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനാണ് കോർപറേഷൻ തീരുമാനം. നേരത്തേതന്നെ അമൃത് രണ്ട് പദ്ധതിയിൽ പാർക്ക് നവീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉദ്യാനത്തിന് മാത്രമായി 7.5 കോടി രൂപ വകയിരുത്താൻ ബുദ്ധിമുട്ടുള്ളതായി അമൃത് മിഷൻ ഡയറക്ടർ അറിയിച്ചു. ഇതിന് പരിഹാരമായാണ് പദ്ധതി രണ്ടായി വിഭജിച്ച് കുളവും അതിന് ചുറ്റുമുള്ള 5.2 കോടി രൂപയുടെ മോടിപിടിപ്പിക്കലും ജലാശയ നിർമാണത്തിനുള്ള വകയിൽ ഉൾപ്പെടുത്തിയത്. കുളത്തോടൊപ്പം വായനമുറി, എലിവേറ്റഡ് ട്രാക്ക്, കളിയുപകരണങ്ങൾ എന്നിവയെല്ലാം പുതിയ പദ്ധതിയിൽപെടും. ചുറ്റുമതിൽ പൊളിച്ചിട്ട ലയൺസ് പാർക്ക് ഇപ്പോൾ അലങ്കോലമായിക്കിടക്കുകയാണ്.
കാട് കയറിയ പാർക്ക് തെരുവുനായകളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായതായി പരാതിയുമുണ്ട്. 1965 സെപ്റ്റംബർ 19ന് അന്നത്തെ മേയർ എ. ബാവുട്ടിഹാജിയാണ് ലയൺസ് ഇന്റർനാഷനൽ ക്ലബിന് ബീച്ചിലെ സ്ഥലം പാർക്കാക്കാൻ കൈമാറിയത്. തുറമുഖ വകുപ്പിന്റെ സ്ഥലം നഗരസഭ താൽക്കാലികമായി ഏറ്റെടുത്ത് ക്ലബിന് കൈമാറുകയായിരുന്നു. 1973ൽ കുട്ടികളുടെ പാർക്കും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.